ന്യൂഡല്‍ഹി: നിലവിലെ രാഷ്ട്രീയ സാഹചര്യവും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും ചര്‍ച്ച ചെയ്യാനായി സമാന ചിന്താഗതിക്കാരായ പാര്‍ട്ടി നേതാക്കളുടെ യോഗം ചേരാനൊരുങ്ങി കോണ്‍ഗ്രസ്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ യോഗത്തില്‍ പങ്കെടുക്കാന്‍ ഫോണിലൂടെ ക്ഷണിച്ചതായാണ് സൂചന.
എന്നാല്‍, യോഗം എന്ന് നടക്കുമെന്നോ, സ്ഥലമോ ഇതുവരെ തീരുമാനിച്ചിട്ടില്ല. തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, എന്‍സിപി, രാഷ്ട്രീയ ജനതാദള്‍, എല്‍ഡിഎഫ് തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂടി തീരുമാനം അറിഞ്ഞ ശേഷമാകും അന്തിമതീരുമാനം.
അതേസമയം, കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ബജറ്റ് സമ്മേളനത്തില്‍ ഒറ്റക്കെട്ടായി രംഗത്തെത്തിയതിനു പിന്നാലെയാണ് കോണ്‍ഗ്രസിന്റെ ഈ നീക്കം. പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയ കേസില്‍ രാഹുല്‍ഗാന്ധിയെ ശിക്ഷിക്കുകയും പാര്‍ലമെന്റില്‍ നിന്ന് അയോഗ്യനാക്കുകയും ചെയ്തതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാവരും പ്രതിഷേധം അറിയിച്ചിരുന്നു.

