സവർക്കർക്കെതിരെയുള്ള പ്രചാരണത്തിൽ നിന്ന് കോൺഗ്രസ് പിൻമാറുന്നു; കാരണങ്ങൾ ഇവയാണ്

മുംബൈ: വി ഡി സവർക്കർക്കെതിരെയുള്ള പ്രചാരണത്തിൽ നിന്ന് കോൺഗ്രസ് പിൻമാറും. മഹാസഖ്യത്തിലെ പ്രധാന രാഷ്ട്രീയപാർട്ടികൾ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തിയതോടെയാണ് സവർക്കർ വിഷയം ഉയർത്തേണ്ടതില്ലെന്ന തീരുമാനം കോൺഗ്രസ് സ്വീകരിച്ചത്. മുതിർന്ന നേതാവ് പൃഥ്വിരാജ് ചൗഹാനാണ് ഇക്കാര്യം അറിയിച്ചത്.

എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ കോൺഗ്രസ് നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി സവർക്കറെ അപമാനിച്ച് സംസാരിച്ചിരുന്നു. തന്റെ പേര് ഗാന്ധിയെന്നാണെന്നും മാപ്പ് പറയാൻ സവർക്കറല്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സവർക്കറെ അധിക്ഷേപിക്കുന്നത് സഹിക്കില്ലെന്ന് ശിവസേന നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ രാഹുലിനോട് പറഞ്ഞിരുന്നു. വിനായക് സവർക്കറെ പരിഹസിക്കുന്ന രീതിയിൽ സംസാരിച്ചാൽ സഹിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

‘പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽ വീഴാനും ഇത്തരം പരിഹാസങ്ങൾ കാരണമാകാം. സവർക്കർ തന്റെ ആരാധനാ പാത്രമാണ്. അദ്ദേഹത്തെ പരിഹസിക്കുന്നതിൽ നിന്ന് രാഹുൽ വിട്ടുനിൽക്കണം. ആൻഡമാൻ സെല്ലുലാർ ജയിലിൽ 14 വർഷത്തോളം ചിന്തിക്കാൻ പോലുമാകാത്ത തരത്തിലുള്ള പീഡനങ്ങൾക്ക് വിധേയനായ വ്യക്തിയാണ് സവർക്കർ. നമുക്കൊക്കെ അദ്ദേഹത്തിന്റെ സഹനങ്ങളെക്കുറിച്ച് വായിക്കാനേ കഴിയൂ. അതൊരു തരം ത്യാഗം തന്നെയാണ്. സവർക്കറെ അപമാനിക്കുന്ന യാതൊരു പരാമർശവും ഞങ്ങൾ പ്രോത്സാഹിപ്പിക്കില്ല. സവർക്കറെ അപമാനിക്കുന്നത് രാഹുൽ തുടർന്നാൽ, അത് പ്രതിപക്ഷ ഐക്യത്തെത്തന്നെ ബാധിക്കും. പോരാട്ടത്തിൽ ഞങ്ങൾ തീർച്ചയായും മുൻനിരയിൽത്തന്നെയുണ്ട്. പക്ഷേ ഞങ്ങളുടെ ദൈവത്തെ അപമാനിക്കുന്നത് സഹിക്കില്ല. ജനാധിപത്യം സംരക്ഷിക്കുന്നതിനാണ് ശിവസേനയിലെ ഉദ്ധവ് വിഭാഗവും കോൺഗ്രസും എൻസിപിയും ചേർന്ന് പ്രവർത്തിക്കുന്നത്. ഇക്കാര്യത്തിൽ ഒരേ മനസ്സോടെ മുന്നോട്ടു പോകേണ്ടത് അത്യന്താപേക്ഷിതമാണ്. രാഹുൽ ഗാന്ധിയെ ബോധപൂർവം പ്രകോപിപ്പിക്കുന്നതാണെന്നത് അംഗീകരിക്കുന്നു. എങ്കിലും അദ്ദേഹം സവർക്കറെ പരിഹസിക്കുന്നത് ജനാധിപത്യത്തിന് തിരിച്ചടിയാകുകയേ ഉള്ളൂവെന്ന് താക്കറെ ചൂണ്ടിക്കാട്ടി.