ന്യൂഡൽഹി: എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. നിരാശാജനകമായ തീരുമാനമാണിതെന്ന് ശശി തരൂർ അറിയിച്ചു. കോൺഗ്രസിനെ ഉള്ളിൽ നിന്ന് ശക്തിപ്പെടുത്താനായി പാർട്ടിയിൽ പ്രവർത്തിക്കാൻ താൻ ആവശ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ബിജെപിയ്‌ക്കെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. മതേതര നിലപാടുള്ളവർക്ക് പ്രവർത്തിക്കാൻ ബിജെപി ഒരിക്കലും നല്ല ഇടമാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. കഴിഞ്ഞ ദിവസമാണ് അനിൽ ആന്റണി ബിജെപിയിൽ ചേർന്നത്.
പാർട്ടി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി പീയുഷ് ഗോയലാണ് അനിലിന് അംഗത്വം നൽകിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി മുരളീധരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ധർമ്മത്തെ രക്ഷിച്ചാൽ ധർമ്മം നമ്മെ കാത്ത് രക്ഷിക്കും എന്ന സംസ്‌കൃത ശ്ലോകം ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. കോൺഗ്രസ് നേതാക്കൾ ഒരു കുടുംബത്തിനായി പ്രവർത്തിക്കുമ്പോൾ താൻ രാജ്യത്തിനായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് ഏറ്റവും സ്നേഹവും ബഹുമാനവും അച്ഛൻ എ കെ ആന്റണിയോടാണ്. അച്ഛൻ, അമ്മ, സഹോദരൻ, താൻ അങ്ങനെ വീട്ടിൽ തങ്ങൾ നാല് പേരാണ്. നാല് പേരും വ്യത്യസ്തരായ ആളുകളാണ്. എങ്കിലും അച്ഛനോടാണ് തനിക്ക് ഏറ്റവും ഇഷ്ടവും ബഹുമാനവുമുള്ളത്. ഇത് വ്യക്തിത്വത്തെ കുറിച്ചുള്ള പ്രശ്നമല്ലെന്നും ആശയപരമായ വ്യത്യാസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

