അനിൽ കെ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചു; ബിജെപി രാജ്യത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് പ്രതികരണം

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ കെ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചു. പാർട്ടി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി പീയുഷ് ഗോയലാണ് അനിലിന് അംഗത്വം നൽകിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി മുരളീധരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ധർമ്മത്തെ രക്ഷിച്ചാൽ ധർമ്മം നമ്മെ കാത്ത് രക്ഷിക്കും എന്ന സംസ്‌കൃത ശ്ലോകം ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. കോൺഗ്രസ് നേതാക്കൾ ഒരു കുടുംബത്തിനായി പ്രവർത്തിക്കുമ്പോൾ താൻ രാജ്യത്തിനായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് ഏറ്റവും സ്‌നേഹവും ബഹുമാനവും അച്ഛൻ എ കെ ആന്റണിയോടാണ്. അച്ഛൻ, അമ്മ, സഹോദരൻ, താൻ അങ്ങനെ വീട്ടിൽ തങ്ങൾ നാല് പേരാണ്. നാല് പേരും വ്യത്യസ്തരായ ആളുകളാണ്. എങ്കിലും അച്ഛനോടാണ് തനിക്ക് ഏറ്റവും ഇഷ്ടവും ബഹുമാനവുമുള്ളത്. ഇത് വ്യക്തിത്വത്തെ കുറിച്ചുള്ള പ്രശ്‌നമല്ലെന്നും ആശയപരമായ വ്യത്യാസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയെ ഉന്നതങ്ങളിലേക്ക് നയിക്കാനുള്ള കാഴ്ചപ്പാടാണ് മോദിക്കുള്ളത്. കോൺഗ്രസ് ഒരു കുടുബത്തിന് വേണ്ടി പണിയെടുക്കുന്നു. എന്നാൽ, ബിജെപി രാജ്യത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.