കോവിഡ് വ്യാപനം വർദ്ധിക്കുന്നു; ഇന്ന് സ്ഥിരീകരിച്ചത് കഴിഞ്ഞ ആറ് മാസത്തിനിടെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന നിരക്ക്

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം വർദ്ധിക്കുന്നു. 5335 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ആറ് മാസത്തിനിടെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന നിരക്കാണിതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 25,587 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്.

രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 3.32 ശതമാനമാണ്. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.89 ശതമാനമായി ഉയരുകയും ചെയ്തിട്ടുണ്ട്. 4,435 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിൽ നിന്നാണ്.

രാജ്യത്ത് 15 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. 5,30,916 പേർക്കാണ് കോവിഡിനെ തുടർന്ന് ഇതുവരെ ജീവൻ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,826 പേർ രാജ്യത്ത് കോവിഡിൽ നിന്നും രോഗമുക്തി നേടി. 4,41,82,538 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 98.75 ശതമാനമാണ് രോഗമുക്തി നിരക്കെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.