പാലക്കാട്: മധുവിന്റെ കുടുംബത്തിന് പിന്തുണ ഉറപ്പു നൽകി മന്ത്രി കെ രാധാകൃഷ്ണൻ. അട്ടപ്പാടി മധു വധക്കേസ് വിധിയിൽ മേൽക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനമെങ്കിൽ എല്ലാ നടപടികൾക്കും സർക്കാരിന്റെ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. അപ്പീൽ പോയാൽ സർക്കാർ വേണ്ട സഹായം നൽകുമെന്നും അദ്ദേഹം ഉറപ്പു നൽകി.
സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത് നല്ല രീതിയിലുള്ള ഇടപെടലാണ്. എല്ലാ ആരോപണങ്ങളും ആക്ഷേപങ്ങളും പരിഹരിക്കാൻ സർക്കാർ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മധുവിന്റെ കുടുംബത്തിനൊപ്പം ചേർന്ന് സംസ്ഥാന സർക്കാർ നടത്തിയ പോരാട്ടമാണ് വിജയിച്ചിരിക്കുന്നത്. ഒരു പക്ഷെ അട്ടിമറിക്കപ്പെടാവുന്ന കേസിൽ ശിക്ഷ വാങ്ങിക്കൊടുക്കാനായത് സർക്കാർ ഇടപെടലുകളുടെ ഫലമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, കേസിൽ വിധി പുറത്തുവന്നതിന് പിന്നാലെ പ്രതികൾക്കുള്ള ശിക്ഷ കുറഞ്ഞുപോയെന്ന പരാതിയുമായി കുടുംബം രംഗത്തെത്തിയിരുന്നു. കോടതി വിധിയിൽ മധുവിന് നീതി ലഭിച്ചില്ലെന്ന് സഹോദരി സരസു വ്യക്തമാക്കി. നീതിയ്ക്കായി മേൽക്കോടതിയെ സമീപിക്കുമെന്നും ഇവർ പറഞ്ഞിരുന്നു.

