കോഴിക്കോട് തീവെയ്പ്പ് കേസ്; പ്രതിയെ കേരളത്തിലെത്തിച്ചു, നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചതായി റിപ്പോർട്ട്

തിരുവനന്തപുരം: കോഴിക്കോട് തീവെയ്പ്പ് കേസിലെ പ്രതിയെ കേരളത്തിലെത്തിച്ചു. കേസിൽ യുഎപിഎ ചുമത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. സെക്ഷൻ 15, 16 എന്നിവയാണ് ചുമത്തുകയെന്നാണ് പുറത്തു വരുന്ന വിവരം.

അതേസമയം, കുറ്റം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചത് മറ്റൊരാളുടെ ഉപദേശമാണെന്നാണ് പ്രതി പോലീസിനോട് പറഞ്ഞതെന്നാണ് റിപ്പോർട്ട്. ആക്രമണം നടത്തിയാൽ നല്ലത് സംഭവിക്കുമെന്ന് ഒരാൾ ഉപദേശം നൽകിയത് കൊണ്ടാണ് ആക്രമണം നടത്തിയതെന്ന് ഇയാൾ പറഞ്ഞുവെന്നാണ് സൂചന.

ഡൽഹിയിൽ നിന്ന് മുംബൈ വരെ ഒരു സുഹൃത്ത് ഒപ്പമുണ്ടായിരുന്നു. യാത്രയിലാണ് ഇയാളെ പരിചയപ്പെട്ടത്. കോഴിക്കോട്ടേക്കുള്ള ജനറൽ ടിക്കറ്റ് ആണ് കൈവശം ഉണ്ടായിരുന്നത്. എന്നാൽ ഏത് സ്റ്റേഷനിൽ ഇറങ്ങി എന്നറിയില്ലെന്നും ഇയാൾ വ്യക്തമാക്കി. ട്രെയിൻ ഇറങ്ങിയതിന് പിന്നാലെ പമ്പിൽ പോയി മൂന്ന് കുപ്പി പെട്രോൾ വാങ്ങി. പിന്നീട് തൊട്ടടുത്ത ട്രെയിനിൽ കയറി അക്രമണം നടത്തുകയായിരുന്നു. പെട്രോൾ ഒഴിച്ച ശേഷം കയ്യിൽ കരുതിയ ലൈറ്റർ കൊണ്ട് കത്തിച്ചുവെന്നും ഇയാൾ പോലീസിന് മൊഴി നൽകി.

ഓടിപ്പോയാൽ പിടിക്കപ്പെടും എന്ന് തോന്നിയതിനാൽ ആക്രമണം നടത്തിയ ശേഷം രണ്ടു കമ്പാർട്ട്‌മെന്റ് അപ്പുറത്തേക്ക് മാറി. പിന്നീട് അജ്മീറിലേക്ക് പോകാനായിരുന്നു ശ്രമം. പിറ്റേ ദിവസമാണ് മഹാരാഷ്ട്രയിൽ എത്തിയത്. ഖേദിനടുത്തുള്ള ഒരു റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ട്രെയിനിൽ നിന്ന് വീണുവെന്നും നാട്ടുകാർ ചേർന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചുവെന്നും ഇയാൾ പോലീസിനോട് പറഞ്ഞുവെന്നാണ് റിപ്പോർട്ട്.