ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികൾക്ക് തിരിച്ചടി. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നരേന്ദ്ര മോദി സർക്കാർ രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്തുകയും അധികാര ദുർവിനിയോഗം നടത്തുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് 14 പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
പ്രതിപക്ഷ നേതാക്കൾക്കെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) എന്നീ ഏജൻസികളുടെ കേസുകളുടെ എണ്ണത്തിൽ 2014 ൽ മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം വർധനവുണ്ടായതായി ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്. അന്വേഷണത്തിൽ നിന്നും പ്രതിപക്ഷ നേതാക്കൾ ഒഴിവു കഴിവുകൾ തേടുകയാണോയെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ചോദിച്ചു. പൗരന്മാർ എന്ന നിലയിൽ അവർക്ക് എന്തെങ്കിലും പ്രത്യേക അവകാശങ്ങളുണ്ടോയെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, പ്രതിപക്ഷ നേതാക്കൾക്ക് സംരക്ഷണമോ ഇളവുകളോ ആവശ്യപ്പെടുന്നില്ലെന്ന് സിങ്വി കോടതിയെ അറിയിച്ചു. പ്രതിപക്ഷത്തെ ദുർബലപ്പെടുത്താനും നേതാക്കളുടെ മനോവീര്യം തകർക്കാനും സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും ഇത് ജനാധിപത്യ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് സിങ്വി ചൂണ്ടിക്കാട്ടി.

