ലോകത്ത് ഏറ്റവും കൂടുതല്‍ ഭക്ഷിക്കപ്പെടുന്ന രണ്ടാമത്തെ മാംസമായി കോഴിയിറച്ചി

ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ഭക്ഷിക്കപ്പെടുന്ന രണ്ടാമത്തെ മാംസമാണ് കോഴിയിറച്ചി. ലോകമെമ്പാടും മുട്ടയ്ക്കും ഇറച്ചിക്കുമായി കോഴികളെ വളര്‍ത്തുന്നുണ്ട്. തെക്കുകിഴക്കന്‍ ഏഷ്യയിലെ ട്രോപ്പിക്കല്‍ കാടുകളിലാണ് കോഴികള്‍ ഉദ്ഭവിച്ചത്. പതിനായിരം മുതല്‍ 8000 വര്‍ഷങ്ങള്‍ വരെ പഴക്കമുള്ള കോഴികളുടെ അവശിഷ്ടങ്ങള്‍ ചൈനയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവ കോഴികളെല്ലെന്നും മറിച്ച് കോഴികളോട് ധാരാളം സാമ്യമുള്ള ഫെസന്റ് എന്ന പക്ഷികളാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിന്ധുനദീതട സംസ്‌കാരത്തില്‍ രാജകീയമായ പക്ഷികളായാണു കോഴികളെ കരുതിപ്പോന്നത്.

തായ്ലന്‍ഡില്‍ വച്ചാണ് മനുഷ്യര്‍ ആദ്യമായി കോഴികളെ ഇണക്കിവളര്‍ത്താന്‍ തുടങ്ങിയത്. എന്നാല്‍, കോഴിപ്പോരിനായായിരുന്നു ഇവയെ ആദിമമനുഷ്യര്‍ ഇണക്കിവളര്‍ത്തിയത്. തെക്കന്‍ ഏഷ്യയില്‍ ഒതുങ്ങി നിന്ന കോഴികള്‍ 3000-2000 ബിസി കാലഘട്ടത്തില്‍ പടിഞ്ഞാറന്‍ ഏഷ്യയിലും മധ്യപൂര്‍വമേഖലയിലും എത്തിച്ചേര്‍ന്നു. ബിസി എട്ടാം നൂറ്റാണ്ടില്‍ ഫിനീഷ്യന്‍മാരാണ് കോഴികളെ യൂറോപ്പില്‍ എത്തിച്ചത്. വളര്‍ത്താന്‍ തുടങ്ങി. റോമാക്കാര്‍ പണ്ട് മുതല്‍ തന്നെ കോഴികളെ ഭക്ഷണത്തിനായി ഉപയോഗിച്ചിരുന്നു. കോഴിക്ക് ബാര്‍ലിയും, വീഞ്ഞില്‍ കുതിര്‍ത്ത ഗോതമ്പുമൊക്കെ തീറ്റയായി നല്‍കുന്നതൊക്കെ കോഴികളുടെ ഭാരം കൂട്ടാനുള്ള ചില നുറുങ്ങ് വിദ്യകളായിരുന്നു. എന്നാല്‍, റോമന്‍ സാമ്രാജ്യത്തിന്റെ ശക്തി ക്ഷയിക്കാന്‍ തുടങ്ങിയതോടെ യൂറോപ്പില്‍ കോഴിക്കൃഷിക്കും മങ്ങലായി.

കോഴികളെ അമേരിക്കന്‍ വന്‍കരഭാഗങ്ങളില്‍ എത്തിച്ചത് പോളിനേഷ്യക്കാരാണ്. തെക്കേ അമേരിക്കയുടെ പസിഫിക് തീരത്തായിരുന്നു പോളിനേഷ്യക്കാരുടെ വരവ്. ഇവര്‍ കോഴികളെയും കൊണ്ടുവന്നു. എന്നാല്‍ മുട്ടകള്‍ക്കപ്പുറം അമേരിക്കന്‍ മാംസാഹരവിഭവങ്ങളില്‍ കോഴികള്‍ക്ക് അത്രവലിയ പ്രാധാന്യം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇരുപതാം നൂറ്റാണ്ടില്‍ സംഭവിച്ച വ്യാവസായിക വിപ്ലവത്തിന്റെ അലകള്‍ കോഴിഫാമുകളിലും പ്രതിഫലിച്ചു. കോഴികളെ വലിയതോതില്‍ ഫാമിങ്ങിന് ഉപയോഗിക്കാന്‍ തുടങ്ങി.