മീഡിയ വണ്‍ ചാനല്‍ വിലക്ക്: കേന്ദ്ര നടപടി സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: മീഡിയാവണ്‍ ചാനലിന് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയ നടപടി സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോലി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് റദ്ദാക്കി. ദേശസുരക്ഷയുടെ പേരില്‍ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണെന്നും, ജനാധിപത്യത്തില്‍ മാധ്യമസ്വാതന്ത്ര്യത്തിന്റെ പങ്ക് വലുതാണെന്നും സുപ്രിംകോടതി വ്യക്തമാക്കി. ചാനലിന്റെ ലൈസന്‍സ് നാലാഴ്ചയ്ക്കകം പുതുക്കിനല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമക്കി.

കഴിഞ്ഞ വര്‍ഷം ജനുവരി 31നാണ് മീഡിയാവണിന്റെ പ്രവര്‍ത്തനാനുമതി സുരക്ഷാ കാരണങ്ങളാണ് ഉന്നയിച്ച് കേന്ദ്ര സര്‍ക്കാര്‍ വിലക്കിയത്. നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചതോടെ മീഡിയവണ്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. 2022 നവംബര്‍ മൂന്നിനാണ് വാദം പൂര്‍ത്തിയായ കേസ് വിധി പറയാനായി സുപ്രീംകോടതി രണ്ടംഗ ബെഞ്ച് മാറ്റിയത്. ചാനലിനെതിരെ കേന്ദ്ര സര്‍ക്കാറിന്റെ മുദ്രവെച്ച കവറിലെ ആരോപണങ്ങള്‍ അവ്യക്തമാണെന്നാണ് ബെഞ്ച് അന്ന് നിരീക്ഷിച്ചത്. ഫയലിലെ 807-08 പേജും 839-840 പേജുകളിലെ മിനിറ്റ്സും പരിശോധിച്ച സുപ്രീംകോടതി ബെഞ്ച് ആരോപണങ്ങള്‍ തിരിച്ചറിയത്തക്കതല്ലെന്ന് കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചതും ഓര്‍മിപ്പിച്ചു. സുരക്ഷ ഭീഷണിയുണ്ടെങ്കില്‍ ഡൗണ്‍ലിങ്കിങ് ലൈസന്‍സ് പുതുക്കി നല്‍കിയത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാത്തത് അദ്ഭുതമെന്ന് ജസ്റ്റിസ് ഹിമ കോഹ്ലി ചൂണ്ടിക്കാട്ടി.

അതേസമയം, ചാനല്‍ പത്ത് വര്‍ഷം കൊണ്ടുണ്ടാക്കിയ സദ്പേരുണ്ട്. വിപണിയില്‍ നേടിയ വിശ്വാസ്യതയുണ്ട്. അവര്‍ നിക്ഷേപമിറക്കിയിട്ടുണ്ട്. ആളുകള്‍ക്ക് തൊഴില്‍ നല്‍കിയിട്ടുണ്ടെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞിരുന്നു. സുരക്ഷാ ക്ലിയറന്‍സ് നിഷേധിച്ചാല്‍ പോലും ഒരു പൗരന് മുമ്പിലുള്ള പരിഹാരമെന്താണെന്നും വ്യക്തമാക്കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടിരുന്നു