തിരുവനന്തപുരം: കോഴിക്കോട് ട്രെയിനിൽ തീവെച്ച സംഭവത്തിൽ പ്രതി പിടിയിൽ. മുംബൈ എടിഎസ് ആണ് പ്രതിയെ പിടികൂടിയത്. മുംബൈ എടിഎസിന് കേന്ദ്ര ഏജൻസികളാണ് പ്രതിയെ കുറിച്ച് വിവരം നൽകിയത്. ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പ്രതി പിടിയിലായതെന്നാണ് റിപ്പോർട്ട്.
കേസിലെ പ്രതിയായ ഷഹറൂഖ് സെയ്ഫ് രത്‌നഗിരി സിവിൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇയാളുടെ ശരീരത്തിൽ പൊള്ളലേറ്റതിന്റെയും മുറിവേറ്റതിന്റെയും അടയാളങ്ങളുണ്ട്. ട്രെയിനിൽ നിന്ന് ചാടിയപ്പോഴുണ്ടായ പരിക്കാണിതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ട്രെയിൻ തീവെച്ച സംഭവത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും മൂന്ന് പേർ മരണപ്പെടുകയും ചെയ്തിരുന്നു. ഞായറാഴ്ച രാത്രിയാണ് ട്രെയിനിൽ തീവെപ്പ് നടന്നത്. ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ യാത്രക്കാരെ പെട്രോളൊഴിച്ച് തീ കൊളുത്തിയശേഷം പ്രതി കടന്നു കളയുകയായിരുന്നു.
ഡി2 കോച്ചിൽ നിന്ന് ഡി1 കോച്ചിലേക്ക് രണ്ട് കുപ്പി പെട്രോളുമായാണ് അക്രമിയെത്തിയത്. തിരക്ക് കുറവായിരുന്നതിനാൽ കോച്ചിൽ പല സീറ്റുകളിലായാണ് യാത്രക്കാർ ഉണ്ടായിരുന്നത്. എല്ലാവരുടെയും ദേഹത്തേക്ക് അക്രമി പെട്രോൾ ചീറ്റിച്ചു. ഇതിന് പിന്നാലെ യാതൊരു പ്രകോപനവുമില്ലാതെ ഇയാൾ തീയിടുകയും ഓടിരക്ഷപ്പെടുകയുമായിരുന്നു.

