അനുവദിക്കുന്ന സ്വാതന്ത്ര്യം ദുരുപയോഗിക്കാൻ പാടില്ല; രാഹുൽ ഗാന്ധി അപകീർത്തിക്കുറ്റമാകുന്ന പരാമർശങ്ങൾ നടത്താൻ പാടില്ലെന്ന് കോടതി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അപകീർത്തിക്കുറ്റമാകുന്ന പരാമർശങ്ങൾ നടത്താൻ പാടില്ലെന്ന ഉപാധി മുന്നോട്ട് വെച്ച് സൂറത്ത് അഡീഷനൽ സെഷൻസ് കോടതി. അനുവദിക്കുന്ന സ്വാതന്ത്ര്യം ദുരുപയോഗിക്കാൻ പാടില്ലെന്നാണ് കോടതി രാഹുൽ ഗാന്ധിയ്ക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

രാഹുലിന്റെ ജാമ്യാപേക്ഷ അനുവദിച്ച ജഡ്ജി റോബിൻ പി മൊഗേരയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. അപകീർത്തിക്കേസിൽ രാഹുൽ നൽകിയ അപ്പീൽ ഉടനെ പരിഗണിക്കാനുള്ള സാധ്യത വിരളമാണെന്നതുകൂടി കണക്കിലെടുത്താണ് ജാമ്യം അനുവദിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

മോദി പരാമർശത്തിൽ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയാണ് രാഹുലിന് 2 വർഷം വെറും തടവ് ശിക്ഷ വിധിച്ചത്. അപ്പീൽ നൽകാനായി രാഹുലിന് 30 ദിവസം ജാമ്യവും അനുവദിച്ചിരുന്നു. രണ്ട് വർഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടതോടെ രാഹുൽ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം രാഹുലിന്റെ അപ്പീൽ പരിഗണിച്ച അഡിഷനൽ സെഷൻസ് കോടതി അപ്പീൽ കാലയളവിലേക്ക് രാഹുലിന്റെ ജാമ്യം നീട്ടി നൽകി. 15,000 രൂപയാണ് ജാമ്യ തുകയായി നൽകേണ്ടത്. അപ്പീൽ പരിഗണിക്കുമ്പോൾ രാഹുൽ കോടതിയിൽ ഹാജരാകണമെന്നും നിർദ്ദേശമുണ്ട്.