2022 ഒക്ടോബര്‍ മുതല്‍ ആര്‍ആര്‍ആര്‍ എന്ന ചിത്രം ജപ്പാനില്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ 1 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. ജപ്പാനില്‍ ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായി ആര്‍ആര്‍ആര്‍ മാറുകയും ചെയ്തു. ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ആദ്യ ഇന്ത്യന്‍ ചിത്രവും ആര്‍ആര്‍ആര്‍ തന്നെയാണ്.
ജപ്പാനിലെ 44 നഗരങ്ങളിലും 47 സംസ്ഥാനങ്ങളിലുമായി 209 സ്ക്രീനുകളിലും 31 ഐമാക്സ് സ്ക്രീനുകളിലുമായിട്ടാണ് ചിത്രം റിലീസ് ചെയ്തത്. വെറും 164 ദിവസത്തിനുള്ളില്‍ 10 ലക്ഷം പ്രേക്ഷകര്‍ ചിത്രം കണ്ടതായും സിനിമ വീണ്ടും മുന്നേറുകയാണെന്നും ആര്‍ആര്‍ആര്‍ സിനിമയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് പങ്കുവെച്ചു.
ഈ നേട്ടം ആഘോഷിച്ച് സിനിമയുടെ സംവിധായകന് എസ് എസ് രാജമൗലി ട്വിറ്ററില്‍ ഒരു കുറിപ്പ് പങ്കുവെച്ചു. ‘അന്ന്, ഒരു സിനിമ 100 ദിവസം, 175 ദിവസം, മുതലായവ ഓടുന്നത് വലിയ കാര്യമായിരുന്നു. കാലക്രമേണ ബിസിനസ്സ് ഘടന മാറി . ആ പ്രിയപ്പെട്ട ഓര്‍മ്മകള്‍ ഇല്ലാതായി . പക്ഷേ ഇന്ന് ജാപ്പനീസ് ആരാധകര്‍ ഞങ്ങളെ ആഹ്ലാദിപ്പിക്കുന്നു ..ഒരുപാട് സ്നേഹം ജപ്പാന് . അരിഗാറ്റോ ഗോസൈമാസു’- എന്നാണ് ട്വീറ്റ്. മറ്റൊരു ട്വീറ്റില്‍ അദ്ദേഹം ജാപ്പനീസ് പ്രേക്ഷകര്‍ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

