നാഥുലാ ചുരത്തില്‍ മഞ്ഞുമല ഇടിഞ്ഞ് ആറ് മരണം

ഗാങ്ടോക്ക്: സിക്കിമിലെ നാഥുലാ ചുരത്തില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് ഒരു സ്ത്രീയും ഒരു കുട്ടിയും ഉള്‍പ്പെടെ ആറ് മരണം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.20-ഓടെയായിരുന്നു അപകടം. 22 പേരെ ഇതുവരെ രക്ഷപെടുത്താനായി. നിരവധി വിനോദസഞ്ചാരികള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം.

സിക്കിം തലസ്ഥാനമായ ഗ്യാങ്ടോക്കില്‍ നിന്നും നാഥുലയിലേക്കുള്ള വഴിയില്‍ ജവഹര്‍ലാല്‍ റോഡിലെ പതിനാലാം മൈലിലാണ് മഞ്ഞുമല ഇടിഞ്ഞത്. 150-ഓളം വിനോദസഞ്ചാരികള്‍ ഈ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നു എന്നാണ് സൂചന. ഇതില്‍ 22 പേരെ അപകടസ്ഥലത്ത് നിന്നും രക്ഷപ്പെടുത്തി. സിക്കിം പോലീസിന്റെയും വിനോദസഞ്ചാര വകുപ്പിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

അതേസമയം, രക്ഷിച്ചവരെ ഗ്യാങ്ടോക്കിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.