ന്യൂയോർക്ക്: ചൈനക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങൾ. നിരീക്ഷണത്തിനായി വിനിയോഗിച്ചത് എന്ന് ചൈന അവകാശപ്പെടുന്ന ഭീമൻ ബലൂൺ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ വിവരങ്ങൾ ചോർത്തിയതായെന്നാണ് പുറത്തു വരുന്ന വിവരം. നിരീക്ഷണ ബലൂൺ വിവരങ്ങൾ ചോർത്തുന്നത് തടയാൻ അമേരിക്ക സൈനിക തലത്തിൽ മുൻകരുതൽ സ്വീകരിച്ചിരുന്നെങ്കിലും നിർണായക വിവരങ്ങൾ തത്സമയം ചൈനയിലേയ്ക്ക് അയക്കപ്പെട്ടുവെന്നാണ് ലഭ്യമാകുന്ന സൂചനകൾ. ചോർത്തിയ വിവരങ്ങൾ തത്സമയം തന്നെ കൈമാറാനുള്ള സൗകര്യം ബലൂണിലുണ്ടായിരുന്നതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ചൈനയുടെ ഭീമൻ ബലൂൺ ചില അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് മുകളിലൂടെ സഞ്ചരിച്ചിരുന്നു. ഈ സമയത്താണ് ഇത് വിവരങ്ങൾ ചോർത്തിയത്. ബലൂൺ വെടിവെച്ച് വീഴ്ത്തിയതിന് പിന്നാലെ താഴേയ്ക്ക് പതിച്ച അവശിഷ്ടങ്ങളിൽ നിന്ന് ഇലക്ട്രിക് ഉപകരണങ്ങളടക്കം വിദഗ്ദ പരിശോധനയ്ക്കായി മാറ്റിയിരുന്നു. ഈ ഇലക്ടോണിക് ഉപകരണങ്ങളിൽ നിന്ന് പങ്കുവെച്ച സിഗ്നലുകൾ വഴിയാണ് ചൈന വിവരങ്ങൾ ചോർത്തിയതെന്നാണ് നിഗമനം.
അതിർത്തി കടന്നു പറന്ന കൂറ്റൻ ചൈനീസ് ബലൂൺ അമേരിക്ക മിസൈൽ അയച്ച് തകർത്ത് കടലിൽ വീഴ്ത്തിയിരുന്നു. സംഭവത്തിൽ അമേരിക്കയ്ക്ക് എതിരെ പ്രതിഷേധം അറിയിച്ച് ചൈന രംഗത്തെത്തുകയും ചെയ്തു. അമേരിക്കയുടെ ഭാഗത്ത് നിന്നും ഉണ്ടായത് അതിര് വിട്ട പ്രതികരണമാണെന്നാണ് ചൈന ആരോപിച്ചിരുന്നത്. അന്താരാഷ്ട്ര മര്യാദയുടെ ലംഘനമാണിതെന്നും തക്കതായ മറുപടി പ്രതീക്ഷിക്കാമെന്നും ചൈന വ്യക്തമാക്കിയിരുന്നു.
കാലാവസ്ഥ പഠനത്തിനുള്ള സിവിലിയൻ എയർഷിപ്പ് വഴിതെറ്റി പറന്നതെന്നാണ് ചൈന പറയുന്നത്. ആണവായുധ കേന്ദ്രങ്ങൾക്ക് മുകളിലൂടെ ഉൾപ്പെടെ പറന്ന ബലൂൺ രഹസ്യം ചോർത്താൻ ചൈന മനഃപൂർവം അയച്ചതെന്നാണ് അമേരിക്കയുടെ ആരോപണം.
വെടിവെച്ചിട്ടത് നിരീക്ഷണ ബലൂൺ തന്നെയായിരുന്നെന്നും യു.എസിനും കാനഡയ്ക്കും മുകളിലൂടെ ബോധപൂർവം ബലൂൺ പറത്തി സൈനിക കേന്ദ്രങ്ങളിൽ ഉൾപ്പെടെ നിരീക്ഷണം നടത്താനായിരുന്നു ചൈനയുടെ ശ്രമം എന്ന കാര്യത്തിൽ ഉറപ്പുണ്ടെന്നും അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

