മുംബൈ: ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ശിവസേന എം പി സഞ്ജയ് റാവത്ത്. പൊതുതെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ ലക്ഷ്യമിട്ട് ബിജെപി രാജ്യത്ത് കലാപങ്ങൾക്ക് പദ്ധതിയിടുന്നുവെന്ന ആരോപണവുമായാണ് അദ്ദേഹം രംഗത്തെത്തിയത്. രാജ്യത്തുടനീളം കലാപങ്ങൾക്ക് തുടക്കമിടാൻ ഒരു വിഭാഗത്തെ ബിജെപി രൂപീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
2024ലെ തെരഞ്ഞെടുപ്പ് വരെ രാജ്യത്ത് കലാപം ഉണ്ടാക്കാനും കലാപത്തിന്റെ മറവിൽ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനും ഗൂഢാലോചന നടക്കുന്നുണ്ട്. ആരാണ് കലാപകാരികൾ എന്നും രാജ്യത്ത് നടക്കുന്ന കലാപങ്ങൾക്ക് പിന്നിൽ ആരാണെന്നും എല്ലാവർക്കും അറിയാം. ഹൂബ്ലിയിൽ കഴിഞ്ഞ ദിവസം നടന്ന കലാപം ആരാണ് ആസൂത്രണം ചെയ്തതെന്നും ഹൗറയിലെ കലാപം ആരാണ് ഉണ്ടാക്കിയതെന്നും ആരാണ് മഹാരാഷ്ട്രയിൽ കലാപം ഉണ്ടാക്കിയതെന്നും അദ്ദേഹം ചോദിക്കുന്നു.
ഭാരതീയ ജനതാ പാർട്ടി പുതിയൊരു വിഭാഗം രൂപീകരിച്ചു. ഈ ചിറകിലൂടെയാണ് കലാപങ്ങൾ സൃഷ്ടിക്കപ്പെട്ടത്. 2024ലെ തെരഞ്ഞെടുപ്പിന് മുൻപ് രാജ്യത്ത് കലാപം പൊട്ടിപ്പുറപ്പെടുകയും പിന്നീട് തെരഞ്ഞെടുപ്പിനെ നേരിടുകയോ മാറ്റിവെക്കുകയോ ചെയ്യുക എന്നതാണ് അവരുടെ നയമെന്ന് തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിൽ കലാപം പടച്ചുവിട്ടത് ഷിൻഡേ-ബിജെപി സർക്കാർ വളരെ ദുർബലമായതിനാലാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ നിന്നു പുറത്താക്കപ്പെടുമെന്ന ഭയമാണ് ഇതിന് കാരണം. ബിജെപി തെരഞ്ഞെടുപ്പ് പാരാജയം ഭയക്കുന്നിടങ്ങളിലും ബിജെപി സർക്കാർ പ്രതിസന്ധിയിലാവുന്നിടത്തും സംഘർഷങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

