ട്രെയിനിൽ യാത്രക്കാർക്ക് നേരെ പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവം; പരിക്കേറ്റ എല്ലാവർക്കും സൗജന്യ ചികിത്സ

തിരുവനന്തപുരം: കോഴിക്കോട് എലത്തൂരിൽ ട്രെയിനിൽ തീ കൊളുത്തിയ സംഭവത്തിൽ പൊള്ളലും പരിക്കുമേറ്റ എല്ലാവർക്കും സൗജന്യ ചികിത്സ ഉറപ്പാക്കും. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരിക്കേറ്റവർക്ക് മതിയായ ചികിത്സ സൗജന്യമായി ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

ഞായറാഴ്ച രാത്രിയാണ് ട്രെയിനിൽ തീവെപ്പ് നടന്നത്. ആലപ്പുഴ – കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ യാത്രക്കാരെ പെട്രോളൊഴിച്ച് തീ കൊളുത്തിയശേഷം പ്രതി കടന്നു കളയുകയായിരുന്നു. ഉത്തരേന്ത്യക്കാരനായ ഷാറൂഖ് സെയ്ഫാണ് ആക്രമണത്തിനു പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു.

ഡി2 കോച്ചിൽ നിന്ന് ഡി1 കോച്ചിലേക്ക് രണ്ട് കുപ്പി പെട്രോളുമായാണ് അക്രമിയെത്തിയത്. തിരക്ക് കുറവായിരുന്നതിനാൽ കോച്ചിൽ പല സീറ്റുകളിലായാണ് യാത്രക്കാർ ഉണ്ടായിരുന്നത്. എല്ലാവരുടെയും ദേഹത്തേക്ക് അക്രമി പെട്രോൾ ചീറ്റിച്ചു. ഇതിന് പിന്നാലെ യാതൊരു പ്രകോപനവുമില്ലാതെ ഇയാൾ തീയിടുകയും ഓടിരക്ഷപ്പെടുകയുമായിരുന്നു.