മധു വധക്കേസ്: ശിക്ഷാ വിധി നാളെ

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ ഒന്നും രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. പ്രതികളുടെ ശിക്ഷ കോടതി നാളെ വിധിക്കും. വിധി പകര്‍പ്പ് വേഗത്തില്‍ കിട്ടണം എന്നാണ് പ്രതിഭാഗത്തിന്റെ വാദം.

2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധു ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെടുന്നത്. കേസില്‍ 16 പ്രതികളുണ്ട്. മധുവിനെ കാട്ടില്‍ നിന്ന് പിടിച്ചു കൊണ്ടു വന്ന് മുക്കാലിയിലെത്തിച്ചപ്പോള്‍ ഹുസൈന്‍ മധുവിന്റെ നെഞ്ചിലേക്ക് ചവിട്ടി. മധു പിറകിലുള്ള ഭണ്ഡാരത്തില്‍ തലയിടിച്ച് വീഴുകയായിരുന്നു. ഹുസൈന്റെ കടയില്‍ നിന്ന് മധു സാധനങ്ങള്‍ എടുത്തുവെന്ന് ആരോപിച്ചായിരുന്നു മധുവിനെ പിടിച്ചുകൊണ്ടുപോയതും കൊലപ്പെടുത്തിയതും.

അതേസമയം, മധു കൊല്ലപ്പെട്ടിട്ട് അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിധി വന്നിരിക്കുന്നത്. 103 സാക്ഷികളെ വിസ്തരിച്ച കേസില്‍ 24 പേര്‍ കൂറ് മാറിയിരുന്നു. അസാധാരണ സംഭവങ്ങളാണ് വിചാരണ ഘട്ടത്തില്‍ നടന്നത്. കൂറുമാറിയ സാക്ഷികളെ വീണ്ടും വിസ്തരിച്ചിരുന്നു. കൂറുമാറിയ സാക്ഷിയുടെ കണ്ണ് പരിശോധിപ്പിച്ചു. രഹസ്യമൊഴി നല്‍കിയവര്‍ വരെ കൂറുമാറി.