മന്നത്ത് പത്മനാഭനെ മറന്നുള്ള സത്യഗ്രഹ ശതാബ്ദി ആഘോഷ പരിപാടി ശരിയല്ല; എൻഎസ്എസിനും ജി സുകുമാരൻ നായർക്കും പിന്തുണയുമായി ഗണേശ് കുമാർ

കൊല്ലം: എൻഎസ്എസിനും ജി സുകുമാരൻ നായർക്കും പിന്തുണയുമായി ഗണേശ് കുമാർ എംഎൽഎ. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ നിന്നും എൻഎസ്എസ് വിട്ടു നിന്നതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ഗണേഷ് കുമാർ ജി സുകുമാരൻ നായർക്ക് പിന്തുണ നൽകിയുള്ള പരാമർശം നടത്തിയത്. ആഘോഷങ്ങളിൽ നിന്ന് വിട്ടു നിൽക്കാൻ എൻഎസ്എസ് എടുത്ത തീരുമാനം ശരിയാണെന്ന് ഗണേഷ് കുമാർ പറഞ്ഞു.

മന്നത്ത് പത്മനാഭനെ മറന്നുള്ള സത്യഗ്രഹ ശതാബ്ദി ആഘോഷ പരിപാടി ശരിയല്ല. താഴ്ന്ന ജാതിക്കാർക്ക് വേണ്ടി അമ്മ മഹാറാണിയെ കണ്ടത് മന്നത്ത് പത്മനാഭൻ ആയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊല്ലം വാളകം പൊടിയാറ്റുവിള ക്ഷേത്രത്തിലെ സപ്താഹത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് ഗണേഷ് കുമാർ ഇക്കാര്യം അറിയിച്ചത്.

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ നിന്ന് വിട്ടു നിൽക്കാനുള്ള കാരണം അന്വേഷിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറിയെ വിളിച്ചിരുന്നു. സുകുമാരൻ നായരുടെ വിശദീകരണം ശരിയാണ്. എൻഎസ്എസ് ഒരിക്കലും ഭരണകക്ഷിക്കോ ആഘോഷം നടത്തുന്നവർക്കോ എതിരല്ലെന്നും അദ്ദേഹം അറിയിച്ചു. ശ്രീനാരായണ ഗുരു സംസ്ഥാനത്ത് ക്ഷേത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ നായന്മാരാണ് ഭൂരിഭാഗം ക്ഷേത്രങ്ങളും സ്ഥാപിച്ചത്. ക്ഷേത്രത്തിൽ പൂജ നടത്താൻ തമിഴ്നാട്ടിൽ നിന്നും കൊണ്ടുവന്ന നമ്പൂതിരിമാർ പിന്നീട് നായന്മാരെ അടിമകളാക്കി. വൈക്കം സത്യഗ്രഹത്തിന് മുൻപ് തന്നെ ചങ്ങനാശേരിയിലെ കുടുംബ ക്ഷേത്രം പട്ടികജാതിക്കാർക്ക് മന്നത്ത് പത്മനാഭൻ തുറന്നു കൊടുത്തിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തൊട്ടുകൂടായ്മ നിലനിന്ന കാലത്ത് മന്നത്തിന്റെ അമ്മ നടത്തിയ സാമൂഹ്യ ഇടപെടലുകളെ കുറിച്ചും ഗണേഷ് കുമാർ പരിപാടിയിൽ സംസാരിച്ചു.