ഇന്‍സ്റ്റാഗ്രാമില്‍ ഇന്ത്യയില്‍ നിന്നും ഏറ്റവും വേഗത്തില്‍ ഫോളോവേഴ്‌സ് കരസ്ഥമാക്കുന്ന താരമെന്ന റെക്കോര്‍ഡ് നടന്‍ വിജയ് തന്റെ സ്വന്തം പേരിലാക്കി. ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുറന്ന് 99 മിനുറ്റിനുള്ളിലാണ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. കൊറിയന്‍ ബാന്‍ഡായ ബിടിഎസിലെ കിം തേ-ഹ്യുങും ഹോളിവുഡ് താരം ആഞ്ജലീന ജോളിയും കഴിഞ്ഞാല്‍ അതിവേഗ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സ് പട്ടികയില്‍ ലോകത്ത് മൂന്നാം സ്ഥാനമാണ് ദളപതി വിജയ്ക്ക്.
‘ആക്ടര്‍ വിജയ്’ എന്ന പേരിലാണ് വിജയ് ഇന്ന് ഇന്‍സ്റ്റാഗ്രാമില്‍ ഔദ്യോഗിക അക്കൗണ്ട് തുറന്നത്. അക്കൗണ്ട് വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഒരു മില്യണ്‍ ഫോളോവേഴ്‌സിനെ വിജയ് സ്വന്തമാക്കി. ഒരൊറ്റയാളെ പോലും വിജയ് പക്ഷേ ഇന്‍സ്റ്റാഗ്രാമില്‍ തിരിച്ച് ഫോളോ ചെയ്യുന്നില്ലായെന്നതും ശ്രദ്ധേയമാണ്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയുടെ ചിത്രീകരണ തിരക്കുകളിലാണ് വിജയ് നിലവിലിപ്പോള്‍. ‘ഹലോ നന്‍പാ, നന്‍പീസ്’, എന്ന തലക്കെട്ടില്‍ ലിയോയുടെ സെറ്റില്‍ നിന്നുള്ള സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ചിത്രമാണ് വിജയ് ആദ്യമായി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ഈ ഫോട്ടോക്ക് രണ്ട് മില്യണിലധികം ലൗ റിയാക്ഷന്‍ ലഭിച്ചിട്ടുണ്ട്. നിരവധി സെലിബ്രൈറ്റികളാണ് താരത്തിന് ഇന്‍സ്റ്റാഗ്രാമില്‍ സ്‌നേഹവും സ്വാഗതവും നേര്‍ന്നിരിക്കുന്നത്.

