‘ജീവിതത്തില്‍ നേടേണ്ട ലക്ഷ്യങ്ങള്‍, വിവിധ സ്ഥലപ്പേരുകള്‍’; അക്രമിയുടേതെന്ന് സംശയിക്കുന്ന ബാഗിലെ നിര്‍ണായക വിവരങ്ങള്‍ ഇങ്ങനെ

കോഴിക്കോട്: കോഴിക്കോട് എലത്തൂര്‍ ട്രെയിനില്‍ തീയിട്ട സംഭവത്തില്‍ അക്രമിക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി കേരള പൊലീസും റെയില്‍വേ പൊലീസും. ഭീകരവാദ – മാവോയിസ്റ്റ് ബന്ധവും പൊലീസ് സംശയിക്കുന്നുണ്ട്.

അതേസമയം, പ്രതിയുടേതെന്ന് കരുതുന്ന ബാഗില്‍ നിന്ന് ഫോണും നോട്ട്ബുക്കുമുള്‍പ്പെടെയുള്ള സാധനങ്ങളാണ് ലഭിച്ചത്. പുകയില ഉപയോഗം കുറക്കണം, പണം കുറച്ച് ചെലവാക്കണം, ജീവിതത്തില്‍ നേടേണ്ട ലക്ഷ്യങ്ങള്‍, വിവിധ സ്ഥലപ്പേരുകള്‍ തുടങ്ങി പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് പുസ്തകത്തില്‍ കുറിച്ചിരിക്കുന്നത്. ഇംഗ്ലീഷില്‍ ‘എസ്’ എന്ന് പല ആകൃതിയില്‍ എഴുതിയിട്ടുണ്ട്. നോട്ട്ബുക്കിന്റെ പല ഭാഗങ്ങളിലായി ചില പേരുകളും എഴുതിയിട്ടുണ്ട്. നോയിഡ എന്ന് എഴുതിയ ഒരു പേജും കണ്ടെത്തിയിട്ടുണ്ട്.

അതിനിടെ, പ്രതിയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ചുവന്ന ഷര്‍ട്ടിട്ട മെലിഞ്ഞയൊരാളാണ് ദൃശ്യങ്ങളിലുള്ളത്. ഇയാളെ ബൈക്കിലെത്തിയ ഒരാള്‍ കൊണ്ടുപോകുന്നതും വീഡിയോയിലുണ്ട്.