‘ഞാന്‍ വാലില്‍ പിടിക്കുമ്‌ബോള്‍ മാത്രമേ പാമ്ബിന്റെ നട്ടെല്ലിന് പരിക്കുണ്ടാവൂ, മറ്റുള്ളവര്‍ ചെയ്യുമ്‌ബോള്‍ ഒരു കുഴപ്പവുമില്ല’: വാവ സുരേഷ്

തിരുവനന്തപുരം: ശാസ്ത്രീയമായി മാത്രമേ പാമ്ബിനെ പിടിക്കാവൂ എന്നാണ് വനംവകുപ്പ് നിര്‍ദ്ദേശം. എന്നാല്‍, വനംവകുപ്പിന്റെ പരിശീലനം ലഭിച്ചവര്‍ അശാസ്ത്രീയമായ രീതിയില്‍ രാജവെമ്ബാലയെ പിടിക്കാന്‍ ശ്രമിക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നു.

കഴിഞ്ഞ ദിവസം പൊന്മുടിക്ക് സമീപമാണ് സംഭവം. ഇടിഞ്ഞാറില്‍ പുളിമരത്തില്‍ കയറിയ രാജവെമ്ബാലയെ ചാക്കില്‍ പിടിച്ചിടാന്‍ ശ്രമിക്കുന്നതിനിടെ ഒന്നര മണിക്കൂറോളം പാമ്ബിനെ പലവട്ടം എടുത്തെറിയുന്നതും പാമ്ബ് കൊത്താനായുന്നതുമെല്ലാം വീഡിയോയിലുണ്ട്. പാമ്ബിനെ കൈകൊണ്ട് പിടിക്കുന്നത് തെറ്റാണെന്നും വാലില്‍ പിടിച്ചെടുത്താല്‍ നട്ടെല്ല് ഒടിഞ്ഞുപോകുമെന്നും കശേരുവിന് കേടുപാടുണ്ടാകുമെന്നുമാണ് വനം വകുപ്പ് പറയുന്നത്. പാമ്ബിനെ പിടിക്കണമെങ്കില്‍ പരിശീലന സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് വനം വകുപ്പിന്റെ നിര്‍ദ്ദേശം. എന്നാല്‍, തിയറി ക്‌ളാസില്‍ വാവ സുരേഷ് പങ്കെടുക്കാത്തതിനാല്‍ യോഗ്യതയില്ലെന്നും പാമ്ബിനെ പിടിച്ചാല്‍ നടപടിയുണ്ടാകുമെന്നും വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.

‘പാമ്ബു പിടിത്തത്തില്‍ ശാസ്ത്രീയതയും അശാസ്ത്രീയതയുമൊന്നുമില്ല. വനം വകുപ്പിന്റെ പരിശീലനം കിട്ടിയവര്‍ തന്നെ അപക്വമായി പാമ്ബ് പിടിക്കുന്ന നിരവധി വീഡിയോകള്‍ കണ്ടിട്ടുണ്ട്. പരാതി കൊടുത്തിട്ട് ഒരു കാര്യവുമില്ല. വാവാ സുരേഷ് വാലില്‍ പിടിക്കുമ്‌ബോള്‍ മാത്രമേ പാമ്ബിന്റെ നട്ടെല്ലിനും കശേരുവിനുമൊക്കെ പരിക്കുണ്ടാവൂ. ഇവര്‍ ചെയ്യുമ്‌ബോള്‍ ഒരു കുഴപ്പവുമില്ല’- വാവ സുരേഷ് ചൂണ്ടിക്കാട്ടി.