ഇന്ധനവില വര്‍ധന: കര്‍ണാടകയില്‍ നിന്ന് ഇന്ധനം എത്തിച്ച് കെഎസ്ആര്‍ടിസി

കണ്ണൂര്‍: കേരളത്തില്‍ ഇന്ധനവില കൂടിയതോടെ ഐഒസിയുടെയും കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെയും പ്രത്യേക അനുമതിയില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലേക്ക് മംഗളൂരു ഐഒസി പ്ലാന്റില്‍ നിന്ന് ഇന്ധനം എത്തിച്ച് കെഎസ്ആര്‍ടിസി.

കേരളത്തില്‍ 97.12 രൂപയാണ് ഡീസലിന്. എന്നാല്‍, കര്‍ണാടകയില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് 91.62 രൂപയ്ക്ക് ഒരു ലിറ്റര്‍ ഡീസല്‍ ലഭിക്കും. മംഗലാപുരം ഐഒസി പ്ലാന്റില്‍ നിന്നു നേരിട്ടാണ് രണ്ടു ജില്ലകളിലേക്കും കെഎസ്ആര്‍ടിസി ടാങ്കര്‍ ലോറികളില്‍ ഡീസല്‍ കൊണ്ടു വരുന്നത്. കെഎസ്ആര്‍ടിസി കണ്‍സ്യൂമര്‍ ഔട്ലെറ്റില്‍പെട്ടതായതു കൊണ്ടും കൂടുതല്‍ ഡീസല്‍ ഒന്നിച്ച് എടുക്കുന്നവരായതു കൊണ്ടുമാണ് കര്‍ണാടകയിലെ വിലയ്ക്ക് ഐഒസി ഉത്തര മലബാറിലേക്ക് കെഎസ്ആര്‍ടിസിക്ക് ഡീസല്‍ നല്‍കുന്നത്.

അതേസമയം, കണ്ണൂരില്‍ ഡീസലിന് 97.12 രൂപയാണ് ഇന്നലത്തെ വില. കെഎസ്ആര്‍ടിസിക്ക് 5 ഡിപ്പോകളാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായുള്ളത്. കാസര്‍കോട് ഡിപ്പോയില്‍ 72, കാഞ്ഞങ്ങാട് 47, കണ്ണൂര്‍ 82, പയ്യന്നൂര്‍ 56, തലശ്ശേരി 51 എന്നിങ്ങനെയാണു പ്രതിദിന സര്‍വീസുകള്‍.