ഭോപ്പാൽ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിച്ഛായ തകർക്കാൻ ചിലർ നിരന്തരം ശ്രമിക്കുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ വിമർശനം. ഭോപ്പാൽ-ഡൽഹി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ സർവ്വീസ് ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.
തന്റെ പ്രതിച്ഛായ തകർക്കാൻ ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ളവരുടെ സഹായം ലഭിക്കുന്നുണ്ട്. 2014 മുതൽ നമ്മുടെ രാജ്യത്ത് ചിലരുണ്ട്. പരസ്യമായി സംസാരിക്കുകയും മോദിയുടെ പ്രതിച്ഛായ തകർക്കുമെന്ന് ദൃഢനിശ്ചയം പ്രഖ്യാപിക്കുകയും ചെയ്ത ചിലർ. ഇതിനായി അവർ വിവിധ ആളുകൾക്ക് കരാർ നൽകിയിട്ടുണ്ട്. ഇവരെ പിന്തുണയ്ക്കാൻ ചിലർ രാജ്യത്തിനകത്തും പുറത്തും പ്രവർത്തിക്കുന്നു. ഈ ആളുകൾ തുടർച്ചയായി മോദിയുടെ പ്രതിച്ഛായ നശിപ്പിക്കാനും കളങ്കപ്പെടുത്താനും ശ്രമിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ ഇന്ത്യയിലെ ദരിദ്രരും ഇടത്തരക്കാരും ആദിവാസികളും ദളിതരും പിന്നോക്കക്കാരും ഉൾപ്പെടെ ഓരോ ഇന്ത്യക്കാരനും മോദിയുടെ സുരക്ഷാ കവചമായി മാറിയിരിക്കുന്നു. ഇത് അവരെ രോഷാകുലരാക്കുകയും പുതിയ തന്ത്രങ്ങൾ സ്വീകരിക്കാൻ നിർബന്ധിതരാക്കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യത്തിന്റെ വികസനത്തിലും രാഷ്ട്ര നിർമാണത്തിലും ഓരോരുത്തരും ശ്രദ്ധ ചെലുത്തണം. വോട്ട് ബാങ്ക് പ്രീണനത്തിന്റെ തിരക്കിലാണ് മുൻ സർക്കാരുകൾ. എന്നാൽ തന്റെ സർക്കാർ ജനങ്ങളെ തൃപ്തിപ്പെടുത്തുന്ന തിരക്കിലാണ്. മുൻ സർക്കാരുകൾ ഒരു കുടുംബത്തെ രാജ്യത്തെ പ്രഥമ കുടുംബമായി കണക്കാക്കി. പാവപ്പെട്ടവരെയും ഇടത്തരക്കാരെയും അവർ അവഗണിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

