ഇന്ത്യൻ നാവികസേനയ്ക്കായി പുതുതലമുറ മിസൈൽ വാഹക കപ്പലുകൾ നിർമ്മിക്കാനൊരുങ്ങി കൊച്ചിൻ ഷിപ്പയാർഡ് ലിമിറ്റഡ്; കരാറിൽ ഒപ്പുവെച്ചു

കൊച്ചി: ഇന്ത്യൻ നാവികസേനയ്ക്കായി പുതുതലമുറ മിസൈൽ വാഹക കപ്പലുകൾ നിർമ്മിക്കാനൊരുങ്ങി കൊച്ചിൻ ഷിപ്പയാർഡ് ലിമിറ്റഡ്. 2027 മാർച്ച് മുതൽ കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് നാവിക സേനയ്ക്ക് കപ്പലുകൾ നൽകി തുടങ്ങും. ആറ് പുതുതലമുറ മിസൈൽ വാഹക കപ്പലുകൾ നിർമ്മിക്കാനാണ് അധികൃതരുടെ തീരുമാനം.

കൊച്ചിൻ ഷിപ്പയാർഡും നാവികസേനയും ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചിരിക്കുകയാണ്. മിസൈൽ വാഹക കപ്പലുകളുടെ നിർമ്മാണ ചെലവ് 9,805 കോടി രൂപയാണ്. വേഗതയേറിയതും ആക്രമണങ്ങൾ തടയാൻ ശേഷിയുള്ളതുമായ സായുധ കപ്പലുകളായിരിക്കും നിർമ്മിക്കുന്നത്.

ശത്രുക്കളുടെ യുദ്ധക്കപ്പലുകളെ പ്രതിരോധിക്കുന്നതിനും, എതിരാളികളുടെ ആക്രമണങ്ങൾ തടയുന്നതിനും കരുത്ത് പകരാൻ പുതിയ മിസൈൽ വാഹക കപ്പൽ സഹായിക്കുമെന്നും അധികൃതർ അറിയിച്ചു. ആക്രമണങ്ങളെ തടയാൻ സാധിക്കുന്ന തരത്തിലുള്ള ശക്തമായ മിസൈലുകൾ അടങ്ങിയ കപ്പൽ വളരെ രഹസ്യ സ്വഭാവമുള്ളതായിരിക്കുമെന്നും കൊച്ചിൻ ഷിപ്പയാർഡ് അധികൃതർ വിശദീകരിച്ചു.

സമുദ്ര ഓപ്പറേഷനുകൾ, ഉപരിതല ആക്രമണങ്ങൾ തുടങ്ങിയവയ്ക്കുള്ള ശേഷിയും ഈ കപ്പലിനുണ്ടാകും.