കോട്ടയം: വൈക്കം സത്യാഗ്രഹം സമാനതകളില്ലാത്ത സമരമുന്നേറ്റമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന് തന്നെ മാതൃകയായിരുന്നു വൈക്കം സത്യാഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. ചാതുർവർണ്യത്തിന്റെ ജീർണ്ണമായ വ്യവസ്ഥക്കെതിരെയുള്ള യുദ്ധകാഹളമാണ് മുഴങ്ങിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മാറുമറയ്ക്കൽ സമരം, അരുവിപ്പുറം പ്രതിഷ്ഠ, കല്ലുമാലസമരം, വില്ലുവണ്ടിയാത്ര, ഗുരുവായൂർ സത്യാഗ്രഹം എന്നിങ്ങനെ നിരവധി നവോത്ഥാനമുന്നേറ്റങ്ങൾ ഉൾപ്പെട്ട ശൃംഘലയിലെ ശക്തമായ കണ്ണിയാണ് വൈക്കം സത്യാഗ്രഹം. സാമൂഹിക പരിഷ്‌കരണ നവോത്ഥാന ധാരയും ദേശീയ സ്വാതന്ത്ര്യസമരധാരയും വൈക്കം സത്യാഗ്രഹത്തിൽ സമന്വയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
വൈക്കം സത്യാഗ്രഹത്തിൽ സാമുദായിക നവോത്ഥാന സംരംഭങ്ങളും ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനവും ഒരുമിച്ച് ചേർന്നു. രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കൂടെ നേതൃത്വത്തിൽ സാമൂഹിക ദുരാചരങ്ങൾക്കെതിരെ അതുവരെ അങ്ങനെയൊരു പോരാട്ടം നടന്നതായി മറ്റെവിടെയെങ്കിലും ഉണ്ടായിട്ടില്ല. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി, അയ്യങ്കാളിയടക്കമുള്ളവരുടെ സന്ദേശങ്ങളുടെ പ്രചോദനം ഇല്ലായിരുന്നെങ്കിൽ വൈക്കം സത്യാഗ്രഹം പോലെ പുരോഗമനപരമായ സമരം കേരളത്തിൽ നടക്കുമായിരുന്നില്ല. ഗാന്ധിജിയുടെ ഇടപെടൽ കൂടി ഉണ്ടായപ്പോഴാണ് ദേശീയ പ്രസ്ഥാനവുമായി വൈക്കം സത്യാഗ്രഹത്തിന്റെ കണ്ണി ഉറച്ചത്. പൊതുവഴികളിലൂടെ, പ്രത്യേകിച്ച് ക്ഷേത്രത്തിന് സമീപത്തുകൂടെയുള്ള വഴികളിലൂടെ സഞ്ചരിക്കാൻ വലിയ വിഭാഗം ജനങ്ങൾക്ക് അവകാശമില്ലായിരുന്നു. ഇത് മനുഷ്യത്വവിരുദ്ധമായ പൗരസ്വാതന്ത്ര്യനിഷേധമാണെന്ന തിരിച്ചറിവിൽ നിന്നാണ് വൈക്കം സത്യാഗ്രഹം രൂപപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
വൈക്കം സത്യാഗ്രഹം ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനത്തിനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം കെ. സ്റ്റാലിന് അദ്ദേഹം നന്ദി അറിയിച്ചു. തമിഴ്നാട്ടിൽ നിയമസഭാ സമ്മേളനം നടക്കുന്ന സാഹചര്യമായിട്ടും സ്റ്റാലിൻ എത്തിയത് വൈക്കം സത്യാഗ്രഹത്തോടുള്ള തമിഴ്നാട് സർക്കാരിന്റേയും അദ്ദേഹത്തിന്റേയും ആഭിമുഖ്യമാണ് പ്രകടമാക്കുന്നതെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
വൈക്കം സത്യാഗ്രഹം തമിഴ്നാടിനും അഭിമാനിക്കാൻ വക നൽകുന്നതാണ്. സാമൂഹിക പരിഷ്‌കരണ ശ്രമത്തിൽ വ്യാപൃതരായ നിരവധി പേരാണ് തമിഴ്നാട്ടിൽ നിന്ന് സത്യാഗ്രഹത്തിന് ഐക്യദാർഢ്യവുമായി വൈക്കത്ത് എത്തിയത്. അതിനാൽ തമിഴ്നാട് മുഖ്യമന്ത്രിയുടെ ചടങ്ങിലെ സാന്നിധ്യത്തിന് സവിശേഷമായ ഔചിത്യ ഭംഗിയുണ്ട്. അഭിമാനകരമായ ഒരേ പോരാട്ട സംസ്‌കാര പൈതൃകം പങ്കിടുന്ന സഹോദര ജനതയാണ് തമിഴ്നാട്ടിലേതും കേരളത്തിലേതും. പോരാട്ടത്തിൽ ഒരുമിച്ച് നിൽക്കുക എന്ന വലിയ മാതൃകയാണ് വൈക്കം സത്യാഗ്രഹം മുന്നോട്ട് വെച്ചത്. കേരളത്തിന്റേയും തമിഴ്നാടിന്റേയും മനസ്സ് ഒരുമിച്ചുനിന്നു. അത് വരുംകാലത്തും ഉണ്ടാകും. വലിയ സാഹോദര്യമായി അത് ശക്തിപ്പെടും. ഇന്ത്യക്ക് തന്നെ പുതിയ മാതൃക ഉയർത്തിക്കാട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

