യാത്രക്കാരില്ല; കൊച്ചി മെട്രോ സ്റ്റേഷനുകളുടെ നടത്തിപ്പ് ആശങ്കയിൽ

കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷനുകളുടെ നടത്തിപ്പ് ആശങ്കയിൽ. യാത്രക്കാരില്ലാത്തതിനാലാണ് മെട്രോ സ്‌റ്റേഷനുകളുടെ നടത്തിപ്പ് ആശങ്കയിലായത്. പ്രതിദിനം 600ൽ താഴെ യാത്രക്കാർ മാത്രമാണ് ആലുവ മുതൽ കളമശ്ശേരി വരെയുള്ള നാല് സ്റ്റേഷനുകളിൽ നിന്ന് മെട്രോയിൽ കയറുന്നതെന്നാണ് വിവരാവകാശ രേഖയിൽ ചൂണ്ടിക്കാട്ടുന്നത്. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവ് കൊച്ചി മെട്രോ രണ്ടാംഘട്ടത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

മെട്രോയിലെ ശരാശരി പ്രതിദിന യാത്രക്കാർ 63,000 പേരാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എറണാകുളം സൗത്ത്, ടൗൺഹാൾ, മഹാരാജാസ് തുടങ്ങിയ സ്റ്റേഷനുകളിൽ നിന്നാണ് കൂടുതൽ യാത്രക്കാരുള്ളതെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. പുളിഞ്ചോട് സ്റ്റേഷനിൽ നിന്ന് ഒരു ദിവസം ശരാശരി കയറുന്നത് 554 പേരാണ്. 529 പേർ മാത്രമാണ് കമ്പനിപ്പടിയിൽ നിന്നും കയറുന്നത്. അമ്പാട്ടുകാവിൽ നിന്നാണ് കൊച്ചി മെട്രോയിലേക്ക് ഏറ്റവും കുറവ് യാത്രക്കാർ കയറുന്നത്. ദിവസം വെറും 306 പേർ മാത്രമാണ് ഇവിടെ നിന്നും കയറുന്നതെന്നാണ് വിവരാവകാശ രേഖയിൽ പറയുന്നത്.

574 പേരാണ് മുട്ടത്ത് നിന്ന് പ്രതിദിനം മെട്രോയിൽ കയറുന്നത്. ഇടപ്പള്ളിയിൽ നിന്നും 10,800 പേരും പ്രതിദിന യാത്രക്കാരായി കയറുന്നുവെന്നും വിവരാവകാശ രേഖയിൽ നിന്നും വ്യക്തമാണ്.