വിട്ടുകൊടുക്കില്ല; സ്വപ്‌നയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും എം. വി ഗോവിന്ദന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ മാനനഷ്ട കേസുമായി മുന്നോട്ട് പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. മാധ്യമങ്ങളോട് ഒരു കാര്യം പറയുമ്‌ബോള്‍ വസ്തുത അന്വേഷിച്ച് പറയേണ്ട ഉത്തരവാദിത്തമുണ്ട്. സ്വപ്നയുടെ നിലപാട് ശരിയല്ല. വിട്ടുകൊടുക്കില്ലെന്നും, സ്വപ്ന സുരേഷിന്റെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, എം വി ഗോവിന്ദനെക്കുറിച്ച് വിജേഷ് പിള്ള പറഞ്ഞാണ് അറിയുന്നത്. ആരാണ് എം വി ഗോവിന്ദനെന്നോ പാര്‍ട്ടി പദവിയെന്തെന്നോ അതിന് മുമ്ബ് അറിയുമായിരുന്നില്ല. അതിനാല്‍ത്തന്നെ സമൂഹത്തില്‍ നല്ല പേരിന് കോട്ടം തട്ടിക്കാനുദ്ദേശിച്ചുള്ള പ്രസ്താവനയെന്ന വാദം നിലനില്‍ക്കില്ല. വിജേഷ് പിള്ളയെ എം വി ഗോവിന്ദന്‍ അയച്ചു എന്ന് ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞിട്ടില്ല. തന്നെ എം വി ഗോവിന്ദന്‍ അയച്ചുവെന്ന് വിജേഷ് പിള്ള പറഞ്ഞതായാണ് പറഞ്ഞത്. അതിനാല്‍ എം വി ഗോവിന്ദന്‍ അയച്ച മാനനഷ്ട നോട്ടീസ് അടിസ്ഥാനരഹിതമാണെന്ന് സ്വപ്ന സുരേഷ് പറഞ്ഞു.

‘മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് ഏതു നിയമ നടപടികളും നേരിടാന്‍ തയാറാണ്. ഫേസ്ബുക്ക് ലൈവില്‍ എല്ലാ വിവരങ്ങളും വളരെ വ്യക്തമായി മലയാളത്തില്‍ തന്നെ പറയുന്നുണ്ട്. പറഞ്ഞ കാര്യങ്ങള്‍ വീണ്ടും കേള്‍ക്കണം. വിജയ് പിള്ള പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് വെളിപ്പെടുത്തിയത്. എം വിഗോവിന്ദനാണ് വിജയ് പിള്ളയെ അയച്ചതെന്ന് ഒരിടത്തും പറയുന്നില്ല. വിജയ് പിള്ള വഴി എം.വി ഗോവിന്ദന്‍ ബന്ധപ്പെട്ടുവെന്നും പറയുന്നില്ല. വാഗ്ദാനങ്ങള്‍ നിരസിച്ചാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഗോവിന്ദന്‍ പറഞ്ഞുവെന്ന് വിജയ് പിള്ള പറഞ്ഞതായാണ് അറിയിച്ചത്. എന്താണ് പറഞ്ഞതെന്ന് വ്യക്തമായി മനസ്സിലാക്കാതെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. എം വിഗോവിന്ദന്റെ ദൂതനായാണ് വിജയ് പിള്ള വന്നതെന്ന് എവിടെയും പറയുന്നില്ല. വിജയ് പിള്ളയുമായി ഗോവിന്ദനോ കുടുംബത്തിനോ ബന്ധമുണ്ടെന്നും പറഞ്ഞിട്ടില്ല. ഒരു കോടി രൂപയുടെ പത്ത് ശതമാനം കോടതി ഫീസ് ആയി അടച്ച് കേസ് ഫയല്‍ ചെയ്യുന്നതിനായി കാത്തിരിക്കുകയാണ്’- സ്വപ്‌നയുടെ കത്തില്‍ വ്യക്തമാക്കുന്നു.