ബ്രഹ്മപുരത്തെ തീപിടുത്തം; മാലിന്യ കൂമ്പാരത്തിന് സ്വയം തീ പിടിച്ചത് ആവാമെന്ന് ഫോറൻസിക് റിപ്പോർട്ട്

കൊച്ചി: ബ്രഹ്മപുരത്തെ തീപിടുത്തത്തിൽ ഫൊറൻസിക് റിപ്പോർട്ട് പുറത്ത്. മാലിന്യ കൂമ്പാരത്തിന് സ്വയം തീ പിടിച്ചത് ആവാമെന്നാണ് ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. മാലിന്യ നിക്ഷേപത്തിലെ രാസ വസ്തുക്കൾ തീ പിടിക്കാൻ കാരണമായെന്ന് ഫോറൻസിക് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങളിൽ വലിയ രീതിയിൽ രാസ മാറ്റം ഉണ്ടാകും. തീ പടരാൻ സാധ്യത ഉള്ള വസ്തുക്കൾ അവയിൽ നിന്ന് ഉണ്ടാകുമെന്ന് റിപ്പോർട്ട് പറയുന്നു. മാലിന്യ കൂമ്പാരത്തിന്റെ അടിത്തട്ടിൽ നിന്നാണ് തീ പടർന്നതെന്നും ഫോറെൻസിക് റിപ്പോർട്ടിൽ വിശദമാക്കുന്നുണ്ട്. ഒരു സ്വകാര്യ മാദ്ധ്യമമാണ് റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്.

അഞ്ച് ഇടങ്ങളിൽ നിന്നുള്ള സാമ്പിളുകളിൽ തൃശൂരിലെ ഫൊറൻസിക് ലാബിലേക്ക് അയച്ച് വിശദമായ പരിശോധനകൾക്ക് വിധേയമാക്കിയ ശേഷമുള്ള റിപ്പോർട്ടാണിത്. ആരെങ്കിലും മാലിന്യക്കൂമ്പാരത്തിന് മനപൂർവം തീയിട്ടതാണോ എന്നത് ഉൾപ്പെടെയുള്ള സംശയങ്ങൾ നേരത്തെ ഉയർന്നിരുന്നു. ഇതിനിടെയാണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.