സൗജന്യ റേഷൻ വാങ്ങാനുള്ള തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചു; സംഭവം പാക്കിസ്ഥാനിൽ

കറാച്ചി: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന പാക്കിസ്ഥാനിൽ സൗജന്യ റേഷൻ വാങ്ങാനുള്ള തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചു. കറാച്ചിയിലാണ് സംഭവം. എട്ട് സ്ത്രീകളും മൂന്നു കുട്ടികളുമാണ് മരിച്ചത്.

തിക്കിലും തിരക്കിലും പെട്ട് നിരവധി സ്ത്രീകളും കുട്ടികളും റേഷൻ വിതരണ കേന്ദ്രത്തിനു മുന്നിൽ കുഴഞ്ഞു വീണുവെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കറാച്ചിയിലെ സിന്ധ് ഇൻഡസ്ട്രിയൽ ട്രേഡിങ് എസ്റ്റേറ്റ് പ്രവിശ്യയിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.

അതേസമയം, അപകടവുമായി ബന്ധപ്പെട്ട് ഏഴു പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. സംഭവത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് പോലീസ്. നേരത്തെ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ സമാന രീതിയിൽ അപകടം സംഭവിച്ചിരുന്നു. അപകടത്തിൽ 11 പേർ മരിക്കുകയും അറുപതിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു.