പെട്രോള്‍, ഡീസല്‍, മദ്യ വില വര്‍ധന നിലവില്‍ വന്നു; കരിദിനം ആചരിച്ച് യുഡിഎഫ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിന്റെയും ഡീസലിന്റെയും മദ്യത്തിന്റെയും വില ഉയര്‍ന്നതിന് പിന്നാലെ യുഡിഎഫ് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും നഗരസഭകളിലും യുഡിഎഫ് പ്രവര്‍ത്തകര്‍ കറുത്ത ബാഡ്ജ് ധരിക്കും. കരിങ്കൊടി ഉയര്‍ത്തിയും പന്തം കൊളുത്തിയും പ്രതിഷേധം അറിയിക്കുമെന്നും യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ അറിയിച്ചു.

‘വെള്ളക്കരം, വൈദ്യുതി ചാര്‍ജ്, വീട്ടുകരം, ഇന്ധനവില എന്നിവ ഒരു നിയന്ത്രണവും ഇല്ലാതെ അശാസ്ത്രീയമായി വര്‍ദ്ധിപ്പിച്ച് ജനങ്ങള്‍ക്ക് എല്ലാ മേഖലകളിലും ദുര്‍ദിനമാണ് സമ്മാനിക്കുന്നത്. ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്ത് വെള്ളത്തിന് പോലും നികുതി ഏര്‍പ്പെടുത്തി ജനങ്ങളുടെ വെള്ളം കുടി മുട്ടിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇന്ധനവില വര്‍ദ്ധനവ് സമസ്ത മേഖലയിലും വില വര്‍ദ്ധനവിന് വഴിവെയ്ക്കും’- അദ്ദേഹം വ്യക്തമാക്കി.

അതേസമയം, 500 മുതല്‍ 999 രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയും വര്‍ദ്ധിച്ചു. ഭൂമിയുടെ ന്യായവില 20 ശതമാനം കൂടി. രജിസ്‌ട്രേഷന്‍ ചെലവും ഉയര്‍ന്നു. ഫ്‌ലാറ്റുകളും അപ്പാര്‍ട്ട്മെന്റുകളും നിര്‍മ്മിച്ച് ആറ് മാസത്തിനകം മറ്റൊരാള്‍ക്ക് കൈമാറുമ്‌ബോഴുള്ള മുദ്രപത്ര നിരക്ക് അഞ്ച് ശതമാനം എന്നത് ഏഴായി വര്‍ദ്ധിച്ചു. കെട്ടിട നികുതിയിലും ഉപനികുതികളിലും അഞ്ച് ശതമാനമാണ് വര്‍ദ്ധനവ്. രണ്ട് ലക്ഷം രൂപ വരെയുള്ള മോട്ടോര്‍സൈക്കിളുകള്‍ക്ക് രണ്ട് ശതമാനം അധികനികുതി ഇനി മുതല്‍ നല്‍കണം. പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യുമ്‌ബോള്‍ ഈടാക്കുന്ന ഒറ്റത്തവണ സെസ് വര്‍ദ്ധിച്ചു. ഇരു ചക്രവാഹനങ്ങള്‍ക്ക് 50 നിന്ന് നൂറും മുന്ന്, നാല് ചക്രവാഹനങ്ങള്‍ക്ക് 100ല്‍ നിന്ന് 200 രൂപയായും ഹെവി വാഹനങ്ങള്‍ 250ല്‍ നിന്ന് 500 ആയുമായാണ് ഉയര്‍ന്നത്. ജുഡീഷ്യല്‍ കോര്‍ട്ട് ഫീ സ്റ്റാമ്ബുകളുടെ നിരക്ക് കൂടി. മറ്റ് കോടതി വ്യവഹാരങ്ങള്‍ക്കുള്ള കോര്‍ട്ട് ഫീസില്‍ ഒരു ശതമാനം വര്‍ദ്ധനവ്. വാണിജ്യ, വ്യവസായ യൂണിറ്റുകള്‍ക്ക് ബാധകമായ വൈദ്യുതി തീരുവ അഞ്ച് ശതമാനമായി വര്‍ദ്ധിക്കും. അതിനിടെ ചില ഇളവുകളും പ്രാബല്യത്തില്‍ വന്നു.