ആർഎസ്എസിനെതിരായ പരാമർശം; രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും ക്രിമിനൽ മാനനഷ്ട പരാതി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും ക്രിമിനൽ മാനനഷ്ട പരാതി. ഹരിദ്വാർ കോടതിയിലാണ് രാഹുലിനെതിരെ ക്രിമിനൽ മാനനഷ്ടക്കേസ് സമർച്ചിരിക്കുന്നത്. ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ പരാമർശത്തെ കുറിച്ചാണ് പരാതി ലഭിച്ചിട്ടുള്ളത്. ആർഎസ്എസിനെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൗരവർ എന്ന് വിശേഷിപ്പിച്ചതിനെതിരെയാണ് രാഹുലിനെതിരെ പരാതി ലഭിച്ചത്. അഭിഭാഷകൻ അരുൺ ബഡോറിയ ആണ് പരാതി ഫയൽ ചെയ്തിരിക്കുന്നത്.

ആർഎസ്എസ് പ്രവർത്തകൻ കമൽ ഭഡോരിക്ക് വേണ്ടിയാണ് രാഹുലിനെതിരെ പരാതി നൽകിയതെന്ന് അരുൺ ബഡോറിയ വ്യക്തമാക്കി. ആർഎസ്എസുകാർ 21-ാം നൂറ്റാണ്ടിലെ കൗരവരാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ഹർജി ഏപ്രിൽ 12-ന് കോടതി പരിഗണിക്കും. ഐപിസി 499, 500 വകുപ്പുകൾ പ്രകാരമാണ് രാഹുലിനെതിരെ പരാതി ഫയൽ ചെയ്തിട്ടുള്ളത്. രണ്ട് വകുപ്പുകളും ക്രിമിനൽ അപകീർത്തിയുമായി ബന്ധപ്പെട്ടതും പരമാവധി രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിക്കുന്നതുമാണെന്നും അഭിഭാഷകൻ വ്യക്തമാക്കി.