ന്യൂഡൽഹി: പഞ്ചാബിലെ മുൻ പിസിസി അധ്യക്ഷനും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദു ജയിൽ മോചിതനാകുന്നു. ശനിയാഴ്ച സിദ്ദു ജയിൽ മോചിതനാകും. 34 വർഷം മുൻപത്തെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് സിദ്ദുവിനെ ശിക്ഷിച്ചത്. കഴിഞ്ഞ വർഷമാണ് കേസിൽ കോടതി വിധിപ്രസ്താവം നടത്തിയത്. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം.
1988 ഡിസംബർ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അറുപത്തിയഞ്ചുകാരനായ ഗുർനാം സിങ്ങിനെയാണ് സിദ്ദുവും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയത്. 2018ൽ സുപ്രീം കോടതി കേസ് പരിഗണിച്ചപ്പോൾ 1000 രൂപ പിഴ ഒടുക്കാനാണ് നിർദ്ദേശിച്ചത്. എന്നാൽ പിന്നീട് സുപ്രീം കോടതിതന്നെ വിധി പുനപരിശോധിക്കുകയും സിദ്ദുവിന് തടവുശിക്ഷ വിധിക്കുകയുമായിരുന്നു.
1988 ഡിസംബർ 27ന് ഉച്ചക്ക് വാഹനം നടുറോഡിൽ പാർക്ക് ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തിൽ വന്ന ഗുർണാം സിങ് ചോദ്യം ചെയ്തു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഒടുവിൽ ഇത് അടിപിടിയിലെത്തി. സിദ്ദുവിന്റെ അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഗുർണാം ആശുപത്രിയിൽവെച്ച് മരണപ്പെടുകയായിരുന്നു.

