ബംഗളുരു: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മറുപടിയുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ലെന്ന് സ്വപ്‌ന വ്യക്തമാക്കി. ഒരു കോടിയുടെ പത്ത് ശതമാനം കോടതി ഫീസ് കെട്ടി എം വി ഗോവിന്ദൻ കേസിന് പോകുമോ എന്ന് കാത്തിരിക്കുന്നുവെന്നും സ്വപ്‌ന വെളിപ്പെടുത്തി.
വിജേഷ് പിള്ള പറഞ്ഞാണ് എം വി ഗോവിന്ദനെക്കുറിച്ച് അറിയുന്നത്. ആരാണ് എം വി ഗോവിന്ദനെന്നോ പാർട്ടി പദവിയെന്തെന്നോ അതിന് മുമ്പ് അറിയുമായിരുന്നില്ല. അതിനാൽ സമൂഹത്തിൽ നല്ല പേരിന് കോട്ടം തട്ടിക്കാനുദ്ദേശിച്ചുള്ള പ്രസ്താവനയെന്ന വാദം നിലനിൽക്കില്ലെന്ന് സ്വപ്‌ന ചൂണ്ടിക്കാട്ടി.
എം വി ഗോവിന്ദൻ വിജേഷ് പിള്ളയെ അയച്ചു എന്ന് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞിട്ടില്ല. തന്നെ എം വി ഗോവിന്ദൻ അയച്ചുവെന്ന് വിജേഷ് പിള്ള പറഞ്ഞതായാണ് താൻ വെളിപ്പെടുത്തിയത്. അതിനാൽ എം വി ഗോവിന്ദൻ അയച്ച മാനനഷ്ട നോട്ടീസ് അടിസ്ഥാനരഹിതമാണ്. ചില്ലിക്കാശ് പോലും നഷ്ടപരിഹാരത്തുക നൽകില്ലെന്നും സ്വപ്‌ന കൂട്ടിച്ചേർത്തു.

