കറാച്ചി: രാജ്യത്തെ ഹിന്ദു പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിവാഹത്തിനും എതിരെ പാകിസ്ഥാനിലെ കറാച്ചി നഗരത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി പാകിസ്ഥാന്‍ ദാരാവര്‍ ഇത്തിഹാദ് (പിഡിഐ) എന്ന ഹിന്ദു സംഘടന.
‘സിന്ധിലെ ഹിന്ദുക്കള്‍ നേരിടുന്ന ഈ വലിയ പ്രശ്‌നം ഉയര്‍ത്തിക്കാട്ടാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. പ്രത്യേകിച്ച് നമ്മുടെ 12 ഉം 13 ഉം വയസുള്ള പെണ്‍കുട്ടികളെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയി ഇസ്ലാം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിതരാക്കുകയും തുടര്‍ന്ന് പ്രായമായ മുസ്ലീം പുരുഷന്മാരെകൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്യുന്നു. വ്യാഴാഴ്ച നടന്ന പ്രതിഷേധം ശ്രദ്ധിക്കപ്പെട്ടു. പലരും ഈ കുറ്റകൃത്യത്തെക്കുറിച്ച് അറിഞ്ഞിട്ടുപോലും ഉണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ വലിമാറ്റം സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്ന’-പിഡിഐയിലെ ഒരു അംഗം പറഞ്ഞു. ഹിന്ദു പെണ്‍കുട്ടികളെയും സ്ത്രീകളെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കുന്നതിനെതിരെ ബില്‍ പാസാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകളും ബാനറുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി.
അതേസമയം, കഴിഞ്ഞ ജനുവരിയില്‍, പാക്കിസ്ഥാനില്‍ 13 വയസ്സുള്ള പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, നിര്‍ബന്ധിത മതപരിവര്‍ത്തനം, വിവാഹം എന്നിവ വര്‍ദ്ധിച്ചു വരുന്ന സംഭവങ്ങളില്‍ ഐക്യരാഷ്ട്രസഭയുടെ 12 ഓളം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആശങ്ക പ്രകടിപ്പിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനവും വിവാഹവും ഇസ്ലാമില്‍ നിയമവിരുദ്ധമാണ്. പാകിസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം പ്രതിവര്‍ഷം 1000ത്തോളം പെണ്‍കുട്ടികളാണ് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാകുന്നത്.

