അവശ ജനങ്ങൾക്കുള്ള സഹായത്തിനുള്ള ഫണ്ടിലേക്കാണ് സെസ് തുക പോകുന്നത്; ഇന്ധനവില വർദ്ധനവിൽ ന്യായീകരണവുമായി ഇ പി ജയരാജൻ

തിരുവനന്തപുരം: ഇന്ധനവില വർദ്ധനവിൽ ന്യായീകരണവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. അവശ ജനങ്ങൾക്കുള്ള സഹായത്തിനുള്ള ഫണ്ടിലേക്കാണ് സെസ് തുക പോകുന്നതെന്നാണ് ഇ പി ജയരാജൻ വ്യക്തമാക്കുന്നത്. രാജ്യത്തെ ചലിപ്പിക്കാനാണ് സെസ് ഈടാക്കുന്നതെന്നും ഇടതുപക്ഷത്തിന്റെ വിശാല കാഴ്ചപ്പാടാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സെസ് തുക പോകുന്നത് 62 ലക്ഷം പേർക്ക് 1600 രൂപ വീതം നൽകുന്ന ഫണ്ടിലേക്കാണ്. ഈ 1600 രൂപയാണ് വിവിധ മേഖലകളിലേക്ക് എത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. കോൺഗ്രസിന് രാജ്യത്തെ കുറിച്ചും ജനങ്ങളെ കുറിച്ചും അറിയില്ല. അവർ സ്വർഗത്തിലാണ് ജീവിക്കുന്നത്. രണ്ട് രൂപയ്ക്ക് വേണ്ടി കടിപിടികൂടുന്നവർ കേന്ദ്രത്തെ കുറിച്ച് മിണ്ടുന്നില്ലെന്നും അദ്ദേഹം വിശദമാക്കി.

സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് ഇന്ന് മുതൽ 2 രൂപയാണ് അധികം നൽകേണ്ടത്. ക്ഷേമ പെൻഷനുകൾ നൽകാൻ പണം കണ്ടെത്താനായി ബജറ്റിൽ പ്രഖ്യാപിച്ച 2 രൂപ സെസാണ് നിലവിൽ വന്നത്.