ക്രമക്കേട് നടന്നെന്ന് വ്യക്തമായി: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെ സുരേന്ദ്രൻ

ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ചെലവഴിച്ചതിൽ ക്രമക്കേടും അഴിമതിയും സ്വജനപക്ഷപാതവും ഉണ്ടായെന്ന് വ്യക്തമായതിനാൽ ധാർമികത അല്പമെങ്കിലുമുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ലോകായുക്തയിലെ രണ്ട് ജഡ്ജിമാരിൽ ഒരാൾ മുഖ്യമന്ത്രി കുറ്റം ചെയ്തെന്ന് വ്യക്തമാക്കി കഴിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി.

രണ്ടാമത്തെയാൾ ഏത് സാങ്കേതിക പ്രശ്നമാണ് ചൂണ്ടിക്കാട്ടിയതെന്ന് അറിയാനിരിക്കുന്നതേയുള്ളു. സാങ്കേതികത്വത്തിൽ കടിച്ചുതൂങ്ങി ഭരണത്തിൽ തുടരുന്നത് മുഖ്യമന്ത്രിയുടെ അധികാര ദുര മൂലമാണ്. ഇനി മുഖ്യമന്ത്രിക്ക് അനൂകൂലമായി വിധി വരാൻ ഒരു സാദ്ധ്യതയുമില്ല. പല കേസിലും മുഖ്യമന്ത്രി അന്വേഷണം നേരിടുകയാണ്. ഇപ്പോൾ രാജിവച്ചുപോകുന്നതാണ് മുഖ്യമന്ത്രിക്ക് നല്ലതെന്നും സുരേന്ദ്രൻ പറഞ്ഞു.

ഇക്കാര്യത്തിൽ സിപിഎമ്മിന്റെ നിലപാടെന്തെന്നറിയാൻ താല്പര്യമുണ്ട്. പുരപ്പുറത്ത് കയറി ജനാധിപത്യ മൂല്യങ്ങളെ കുറിച്ചു പ്രസംഗിക്കുന്നവരാണല്ലോ സി.പി.എമ്മുകാർ. എം.വി.ഗോവിന്ദനും സീതാറാം യച്ചൂരിയും ഇക്കാര്യത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

വാദം പൂർത്തിയായി ഒരു വർഷമായിട്ടും ലോകായുക്ത കേസിൽ വിധി വരാത്തതിൽ കേരളത്തിലെ ജനങ്ങൾക്കുള്ള പരാതിയിൽ ഹൈക്കോടതി പരിഹാരം കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ഡൽഹിയിൽ മാദ്ധ്യമ പ്രവർത്തകരോട് വെളിപ്പെടുത്തി.