മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റികൾ മുഖേന ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് ഏപ്രിൽ ആദ്യ വാരം നടക്കും. കേന്ദ് ഹജ്ജ് കമ്മിറ്റി ചെയർമാൻ എ പി അബ്ദുള്ളക്കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ഹജ്ജ് കമ്മിറ്റി തുടർനടപടികൾ വേഗത്തിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. മെയ് 21ന് ആണ് ആദ്യ വിമാനം പുറപ്പെടുന്നത്.
നറുക്കെടുപ്പോടെ തീർത്ഥാടകർ ആദ്യ ഗഡുവും പിന്നീട് രണ്ടാം ഗഡുവും പാസ്‌പോർട്ടും സമർപ്പിക്കണം. വാക്സിനേഷൻ പൂർത്തിയാക്കി ഏപ്രിൽ പകുതിയോടെ വിസ സ്റ്റാംമ്പിംഗ് ആരംഭിച്ചേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനങ്ങളിലെ മുസ്സിം ജനസംഖ്യക്ക് ആനുപാതികമായാണ് ഹജ്ജ് ക്വോട്ട. അപേക്ഷകൾ കുറവായ സംസ്ഥാനങ്ങളിലെ ഒരു വിഹിതവും ലഭിച്ചേക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 19,531 പേർ അപേക്ഷ നൽകിയിട്ടുണ്ട്. ഇതിൽ 70 വയസിന് മുകളിലുള്ളവരും സഹായികളുമായി 1,462 പേർക്കും മെഹ്‌റമില്ലാത്ത സ്ത്രീകളുടെ (45 വയസിന് മുകളിൽ) വിഭാഗത്തിൽ 2,799 പേർക്കും നറുക്കില്ലാതെ അവസരം ലഭിക്കും. ആകെ 4,261 പേർക്കാണ് ഇത്തരത്തിൽ അവസരം ലഭിക്കുക.
15,270 അപേക്ഷകരാണ് ജനറൽ കാറ്റഗറിയിലുള്ളത്. 11,951 പേർ കരിപ്പൂരും 4,124 പേർ കൊച്ചിയും 3,456 പേർ കണ്ണൂരുമാണ് തിരഞ്ഞെടുത്തത്. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ഹജ്ജ് നയപ്രകാരം സ്വകാര്യ ക്വോട്ട 35,005 ആയി കുറഞ്ഞിട്ടുണ്ട്. 2019 മുതൽ 45,000 ആയിരുന്നു ക്വാട്ട. 70% സീറ്റ് ഹജ്ജ് കമ്മിറ്റികൾക്കും 30% സ്വകാര്യ ഹജ്ജ് സംഘങ്ങൾക്കും അനുവദിക്കുന്നതിന് പകരം ഇത്തവണ 80:20 അനുപാതമാക്കി. വി.ഐ.പി ക്വാട്ട നിർത്തലാക്കുകയും ചെയ്തു. സംസ്ഥാന ഹജ്ജ് കമ്മിറ്റികൾ മുഖേനയുള്ള അപേക്ഷകർക്ക് ഈ നടപടി സഹായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

