തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി കേസില്‍ ഭിന്നവിധി പ്രഖ്യാപിച്ച് ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂണ്‍ ഉല്‍ റഷീദും അടങ്ങിയ ബെഞ്ച്. ഹര്‍ജി ലോകായുക്തയുടെ അന്വേഷണ പരിധിയില്‍ വരുമോ എന്നതിനെച്ചൊല്ലി ലോകായുക്തയ്ക്കും ഉപ ലോകായുക്തയ്ക്കും ഇടയില്‍ അഭിപ്രായ ഭിന്നതയുണ്ടായതിനാല്‍, ലോകായുക്തയും രണ്ട് ഉപലോകായുക്തയും ഉള്‍പ്പെട്ട ഫുള്‍ ബെഞ്ചാകും ഇനി കേസ് പരിഗണിക്കുക.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സര്‍ക്കാരിലെ 16 മന്ത്രിമാര്‍ക്കും അന്നത്തെ ചീഫ് സെക്രട്ടറിക്കുമെതിരെയായിരുന്നു പരാതി. ഹൈക്കോടതിയെ സമീപിക്കുമെന്നും നീതിക്കായി സുപ്രീംകോടതിവരെ പോകുമെന്നും പരാതിക്കാരനായ ആര്‍.എസ്.ശശികുമാര്‍ വ്യക്തമാക്കി. ലോകായുക്ത പരാമര്‍ശത്തെ തുടര്‍ന്നാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കെ.ടി ജലീലിന് മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത്. ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്ത സാഹചര്യത്തില്‍ തുക മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തവരില്‍ നിന്നു തിരികെ പിടിക്കണമെന്നും അവരെ അയോഗ്യരായി പ്രഖ്യാപിക്കണം എന്നുമാണു കേരള സര്‍വകലാശാലാ മുന്‍ സിന്‍ഡിക്കറ്റ് അംഗം ആര്‍.എസ്.ശശികുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
‘ദുര്‍വിനിയോഗം’ ചെയ്‌തെന്ന ആരോപണം ഇവ
എന്‍സിപി നേതാവായിരുന്ന പരേതനായ ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസത്തിന് 25 ലക്ഷം രൂപ നല്‍കി.
പരേതനായ ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന്‍ നായരുടെ മകന് അസി.എന്‍ജിനീയര്‍ ആയി ജോലി നല്‍കിയതിനു പുറമേ ഭാര്യയുടെ സ്വര്‍ണപ്പണയം തിരിച്ചെടുക്കുന്നതിനും കാര്‍ വായ്പയ്ക്കുമായി എട്ടര ലക്ഷം രൂപ നല്‍കി.
കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ടു മരിച്ച സിവില്‍ പൊലീസ് ഓഫിസറുടെ ഭാര്യയ്ക്കു സര്‍ക്കാര്‍ ഉദ്യോഗത്തിനു പുറമെ 20 ലക്ഷം രൂപ നല്‍കി.

