കോഴിക്കോട്: മാലിന്യ നീക്കത്തിന്റെ ചുമതലയുള്ള സോൺടാ കമ്പനിയ്ക്ക് 38.85 ലക്ഷം രൂപ പിഴ. കോഴിക്കോട് കോർപ്പറേഷന്റേതാണ് നടപടി. മാലിന്യ നീക്കത്തിനുള്ള കരാർ സോൺടാ കമ്പനിയ്ക്ക് വീണ്ടും നീട്ടി നൽകിയതിന് പിന്നാലെയാണ് പിഴയിട്ടത്.
കോഴിക്കോട് ഞെളിയൻപറമ്പിലെ മാലിന്യം നീക്കം ചെയ്യാനുള്ള കരാർ സോൺട ഇൻഫ്രാടെകിന് തന്നെ തുടർന്നും നൽകാൻ ഭരണസമിതി തീരുമാനിച്ചത് ഉപാധികളോടെയാണ്. 30 ദിവസത്തിനുള്ളിൽ മാലിന്യം നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം പിഴ ഈടാക്കുമെന്നായിരുന്നു ഉപാധിയിൽ വ്യക്തമാക്കിയിരുന്നത്.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തതിന് പിന്നാലെ സോൺടയ്ക്ക് വീണ്ടും കരാർ പുതുക്കി നൽകിയ തീരുമാനത്തിൽ എതിർപ്പ് രേഖപ്പെടുത്തി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. നാല് തവണയാണ് സോൺടയ്ക്ക് മാലിന്യ സംസ്‌കരണത്തിനുള്ള കരാർ പുതുക്കി നൽകിയത്. നാല് വർഷമായി വരാത്ത മാറ്റം ഇപ്പോൾ അനുവദിച്ച സമയപരിധിയ്ക്കുള്ളിൽ ഉണ്ടാകുമോയെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യം. സോൺടയെ കരിമ്പട്ടികയിൽപ്പെടുത്തി കരാറിൽ നിന്ന് പിന്മാറണമെന്ന ആവശ്യവും പ്രതിപക്ഷം മുന്നോട്ടുവെയ്ക്കുന്നുണ്ട്.

