‘സംസാരിക്കാന്‍ സമയം തരാതെ അവഗണിച്ചത് മനപ്പൂര്‍വ്വം’; വിമര്‍ശിച്ച് കെ. മുരളീധരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തില്‍ അവഗണിച്ചതില്‍ പ്രതികരിച്ച് കെ മുരളീധരന്‍ എം.പി

‘പരിപാടിയില്‍ സംസാരിക്കാന്‍ സമയം തരാതെ എന്നെ അവഗണിച്ചത് മനപ്പൂര്‍വ്വമാണ്. വൈക്കം സത്യഗ്രഹ ശതാബ്ദി സംബന്ധിച്ച് പാര്‍ട്ടി പത്രം വീക്ഷണം പുറത്തിറക്കിയ സപ്ലിമെന്റിലും എന്റെ പേരില്ല. സ്വരം നന്നായിരിക്കുമ്‌ബോള്‍ പാട്ട് നിര്‍ത്താനാണ് തീരുമാനം. പാര്‍ട്ടിക്ക് എന്റെ സേവനം വേണ്ടെങ്കില്‍ വേണ്ട. ഇക്കാര്യത്തില്‍ കെ സി വേണുഗോപാലിനെ അതൃപ്തി അറിയിച്ചിട്ടുണ്ട്. എന്നോടുള്ള അവഗണനയുടെ കാരണം അറിയില്ല, കെ കരുണാകരനും അവഗണന നേരിട്ടിട്ടുണ്ട്. എല്ലാവരും സമയമെടുത്ത് സംസാരിക്കുമ്‌ബോള്‍ എനിക്ക് മാത്രം സമയം തരാത്തത് എന്തുകൊണ്ടാണ്. എല്ലാവരും ധാരാളം പ്രസംഗിച്ചു. ഒരാള്‍ ഒഴിവായാല്‍ അത്രയും നല്ലതാണ് എന്നാണ് അവരുടെയൊക്കെ മനോഭാവം’- അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സത്യഗ്രഹ ശതാബ്ദി ആഘോഷത്തിലെ അവഗണനയില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെയും അതൃപ്തി അറിയിച്ചിട്ടുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു. മുന്‍ കെപിസിസി പ്രസിഡന്റ് ആയിട്ടുകൂടി എഐസിസി പ്രസിഡന്റ് പങ്കെടുത്ത പരിപാടിയില്‍ തന്നെ പ്രസംഗിക്കാന്‍ അനുവദിച്ചില്ല. കെ സുധാകരന്‍ തന്നെ ബോധപൂര്‍വ്വം അവഗണിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.