സിസ തോമസിന് തിരിച്ചടി; സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി

തിരുവനന്തപുരം: സിസ തോമസിന് തിരിച്ചടി. സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലർ ചുമതലയുമായി ബന്ധപ്പെട്ട് സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്ന സിസ തോമസിന്റെ ആവശ്യം അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ തള്ളി.

അനുമതിയില്ലാതെ വിസിയുടെ ചുമതല ഏറ്റെടുത്തതിനാണ് സിസ തോമസിന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത്. സിസയുടെ നിയമനവുമായി ബന്ധപ്പെട്ട് സർക്കാരിന് തുടർ നടപടികളെടുക്കാമെന്നും നടപടികൾ സ്വീകരിക്കുന്നതിന് മുൻപ് സിസയുടെ ഭാഗം കേൾക്കണമെന്നും ട്രിബ്യൂണൽ നിർദ്ദേശം നൽകി.

കഴിഞ്ഞ ഫെബ്രുവരിയിലാണ് സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ സ്ഥാനത്തു നിന്ന് ഡോ. സിസാ തോമസിനെ നീക്കിയത്. ഗവർണറാണ് സിസ തോമസിന് വൈസ് ചാൻസലർ സ്ഥാനത്ത് നിയമനം നൽകിയത്. സംസ്ഥാന സർക്കാരിന്റെ അതൃപ്തിക്കിടെയായിരുന്നു ഗവർണറുടെ നീക്കം. വൈസ് ചാൻസലറുടെ ചുമതല ഏൽക്കുന്നതിന് സിസ സംസ്ഥാന സർക്കാരിന്റെ അനുമതി തേടിയിരുന്നില്ല. ഇത് സർവീസ് ചട്ടത്തിന്റെ ലംഘനമായി കണക്കാക്കപ്പെട്ടിരുന്നു. അതേസമയം, മാർച്ച് 31-ന് സർവ്വീസിൽ നിന്ന് സിസ തോമസ് സർവ്വീസിൽ നിന്നും വിരമിക്കാനിരിക്കുകയാണ്.