ലണ്ടൻ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്കെതിരെ യുകെയിൽ നിയമനടപടി സ്വീകരിക്കാനൊരുങ്ങി വ്യവസായിയും ഐപിഎൽ മുൻ ചെയർമാനുമായ ലളിത് കുമാർ മോദി. യഥാർത്ഥ കള്ളന്മാർ കോൺഗ്രസുകാരാണെന്നാണ് ലളിത് മോദി വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര കോടതിയും ഇന്റർപോളും ആവശ്യപ്പെട്ടിട്ടും തനിക്കെതിരെ തെളിവുകൾ ഹാജരാക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ട്വിറ്ററിലൂടെയാണ് ലളിത് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
രാഹുൽ ഗാന്ധിയും സംഘവും തനിക്കെതിരെ നടത്തുന്നത് വ്യാജപ്രചാരണങ്ങളാണ്. നിയമവ്യവസ്ഥയിൽ നിന്ന് ഒളിച്ചോടിയ വ്യക്തിയാണ് താനെന്ന് ഇവർ ആവർത്തിക്കുകയാണ്. എപ്പോഴാണ് ആ കുറ്റകൃത്യങ്ങൾക്ക് താൻ ശിക്ഷിക്കപ്പെട്ടതെന്ന് ലളിത് മോദി ചോദിക്കുന്നു.
രാഹുൽ ഗാന്ധിയെന്ന പപ്പുവിനെ പോലെയല്ല, സാധാരണക്കാരനായാണ് പറയുന്നത്. പ്രതിപക്ഷ നേതാക്കൾക്ക് മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ പക പോക്കുകയാണ്. രാഹുലിനെ യുകെയിലെ കോടതി കയറ്റുമെന്നും ലളിത് മോദി മുന്നറിയിപ്പ് നൽകി. തെളിവുകളുമായി അദ്ദേഹത്തിന് ഇവിടേയ്ക്ക് വരേണ്ടിവരും. അദ്ദേഹം സ്വയം വിഡ്ഢിയാകുന്നത് കാണാൻ കാത്തിരിക്കുകയാണെന്നും ലളിത് മോദി ട്വീറ്റ് ചെയ്തു.

