മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമായ ‘മിന്നല്‍ മുരളി’ സംവിധാനം ചെയ്ത് ഇന്ത്യയൊട്ടാകെ ശ്രദ്ധകനേടാന്‍ സംവിധായകന്‍ ബേസില്‍ ജോസഫിന് കഴിഞ്ഞിരുന്നു. ഇപ്പോഴിതാ, താരം പുതിയൊരു നേട്ടം സ്വന്തമായിരിക്കുകയാണ്.
ഹിന്ദുസ്ഥാന്‍ ടൈംസ് ഒടിടി പ്ലേയുടെ ‘ചേഞ്ച് മേക്കേഴ്സ്’ അവാര്‍ഡുകളില്‍ ‘ഇന്‍സ്പയറിംഗ് ഫിലിം മേക്കര്‍ ഓഫ് ദ ഇയര്‍’ അവാര്‍ഡ് ആണ് ബേസില്‍ അര്‍ഹനായിരിക്കുന്നത്. മിന്നല്‍ മുരളി സിനിമയ്ക്ക് ലഭിച്ച പുതിയ അവാര്‍ഡിന് നന്ദി അറിയിച്ചു കൊണ്ടുള്ള പോസ്റ്റിനൊപ്പം റിഷഭ് ഷെട്ടിക്കും ജോജു ജോര്‍ജിനും മറ്റ് താരങ്ങള്‍ക്കും ഒപ്പമുള്ള ഫോട്ടോ ബേസില്‍ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ബേസിലിന് ആശംസകളുമായി രംഗത്തെത്തുന്നത്.
ജെസിഐ ഇന്ത്യയുടെ ഔട്ട്സ്റ്റാന്റിംഗ് യങ് പേഴ്‌സണ്‍ അവാര്‍ഡിനും ബേസില്‍ നേരത്തെ അര്‍ഹനായിരുന്നു. അമിതാഭ് ബച്ചന്‍, കപില്‍ ദേവ്, സച്ചിന്‍, പി ടി ഉഷ തുടങ്ങി നിരവധി ലോകപ്രശസ്തര്‍ കരസ്ഥമാക്കിയ അവാര്‍ഡ് ആണ് ബേസില്‍ ജോസഫും സ്വന്തമാക്കിയത്. ഇതിനുപുറമെ ‘മിന്നല്‍ മുരളി’ എന്ന ചിത്രത്തിന് ഏഷ്യന്‍ അക്കാദമി ക്രിയേറ്റീവ് അവാര്‍ഡും ബേസിലിന് ലഭിച്ചിരുന്നു. ഏഷ്യ – പസഫിക് മേഖലയിലെ 16 രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളില്‍ നിന്നാണ് ചിത്രം നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

