8 മാസം ഗര്‍ഭിണിയായ ഭാര്യയും രണ്ട് മക്കളുമായി 40 അടി ഉയരമുള്ള മരത്തിന് മുകളില്‍ ആനയെയും, കടുവയെയും പേടിച്ച് ഏറുമാടം കെട്ടി അഭയം തേടിയ ആദിവാസി കുടുംബത്തിന്റെ പ്രശ്നത്തില്‍ ഇടപെടലുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുടുംബത്തെ സുരക്ഷിതമായി താമസിപ്പിക്കാനും മതിയായ ചികിത്സ ഉറപ്പാക്കാനും വനിത ശിശുവികസന വകുപ്പിനും ആരോഗ്യ വകുപ്പിനും നിര്‍ദേശം നല്‍കിയെന്ന് മന്ത്രി അറിയിച്ചു.
യുവതിയെ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക പരിശോധന നടത്തിയ ശേഷം പൊന്നമ്മയേയും മക്കളേയും മഹിളാ മന്ദിരത്തില്‍ താമസിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. രാജേന്ദ്രനെയും കുടുംബത്തെയും സുരക്ഷിതമായി താമസിപ്പിക്കാനും മതിയായ ചികിത്സ ഉറപ്പാക്കാനും വനിത ശിശുവികസന വകുപ്പിനും ആരോഗ്യ വകുപ്പിനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, ശബരിമല വനമേഖലയിലെ ചാലക്കയം ഉള്‍വനത്തില്‍ ആയിരുന്നു മലം പണ്ടാര വിഭാഗത്തില്‍പ്പെട്ട രാജേന്ദ്രനും കുടുംബവും നേരത്തെ താമസിച്ചിരുന്നത്. ആദിവാസികള്‍ക്ക് വീടുവയ്ക്കാന്‍ സ്ഥലം നല്‍കുന്നതിനുള്ള നടപടി ആരംഭിച്ചതോടെയാണ് ഇവര്‍ നിലവില്‍ താമസിക്കുന്ന പത്തനംതിട്ട ളാഹ മഞ്ഞത്തോട് ആദിവാസി ഊരിലെത്തുന്നത്. പ്രദേശത്ത് കടുവയുടെ സാന്നിധ്യം പതിവായതോടെയാണ് ചെറിയ രണ്ടു മക്കളെയും എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയുടെയും സുരക്ഷയെ കരുതി രാജേന്ദ്രന്‍ 40 അടി ഉയരമുള്ള മരത്തിനു മുകളില്‍ ഏറുമാടം ഒരുക്കിയത്. എല്ലാദിവസവും വൈകുന്നേരം ആകുമ്പോള്‍ ഭാര്യയെയും മക്കളെയും ഏറുമാടത്തിനുള്ളില്‍ കയറ്റി സുരക്ഷിതരാക്കും. അടച്ചിറപ്പുള്ള ഒരു വീടുണ്ടായിരുന്നെങ്കില്‍ തങ്ങള്‍ക്ക് ഈ അവസ്ഥ വരില്ലായിരുന്നു എന്ന് ഈ കുടുംബം പറയുന്നു. ഗര്‍ഭിണിയായ ഭാര്യയുടെ ചികിത്സയ്ക്കുള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകര്‍ കൃത്യമായി വനത്തിലെത്തി പരിശോധനകള്‍ നടത്താറുണ്ട് എന്നും രാജേന്ദ്രനും കുടുംബവും പറഞ്ഞു.

