ന്യൂഡൽഹി: രോഗികൾക്ക് ആശ്വാസ വാർത്ത. അപൂർവ രോഗങ്ങളുടെ മരുന്നുകൾക്കും ചികിത്സാ ആവശ്യങ്ങൾക്കായുള്ള ഭക്ഷണ സാധനങ്ങൾക്കും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ പൂർണമായും ഒഴിവാക്കി. ദേശീയ അപൂർവരോഗ നയത്തിന്റെ പട്ടികയിലുള്ള 51 രോഗങ്ങളുടെ മരുന്നുകൾക്കാണ് നികുതി ഒഴിവാക്കിയത്. ധനമന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
പുതിയ തീരുമാനത്തോടെ വർഷത്തിൽ പത്ത് ലക്ഷം മുതൽ ഒരു കോടി രൂപവരെ ചികിത്സാ ചിലവ് ലാഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2021 ലെ അപൂർവ രോഗ ദേശീയ നയത്തിന്റെ ഭാഗമായുള്ള രോഗങ്ങളുടെ പട്ടികയിലെ 51 ഇനം രോഗങ്ങൾക്കുള്ള മരുന്നുകളെയാണ് ഇറക്കുമതി തീരുവയിൽ നിന്നും ഒഴിവാക്കിയത്. ഏപ്രിൽ 1 മുതൽ ഇത് പ്രാബല്യത്തിൽവരും.
ഹെൽത്ത് ഡയറക്ടറുടെയോ ജില്ലാ മെഡിക്കൽ ഓഫീസർ അല്ലെങ്കിൽ സിവിൽ സർജന്റെയോ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഇളവ് ലഭിക്കുന്നതാണ്. മരുന്നുകൾക്ക് നിലവിൽ 10 ശതമാനമാണ് ഇറക്കുമതി തീരുവ. ജീവൻ രക്ഷാ മരുന്നുകൾക്കും വാക്‌സിനുകൾക്കും 5 ശതമാനം വരെയും തീരുവയുണ്ട്. സ്‌പൈനൽ മസ്‌കുലർ അട്രോഫിയടക്കമുള്ള രോഗങ്ങളുടെ മരുന്നുകൾക്കുള്ള തീരുവയിൽ നേരത്തെ കേന്ദ്ര സർക്കാർ ഇളവ് അനുവദിച്ചിരുന്നു. മറ്റ് മരുന്നുകൾക്കും നികുതിയിളവ് നൽകണമെന്ന ആവശ്യം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് അധികൃതർ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

