റിയാദ്: ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തി സൗദി അറേബ്യ. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടേതാണ് നടപടി. താൽക്കാലികമായാണ് നിരോധനം.
ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ശീതീകരിച്ച ചെമ്മീൻ ഉൽപന്നങ്ങളിൽ വൈറ്റ് സ്പോട്ട് സിൻഡ്രോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അധികൃതർ ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്. രാജ്യത്തിന് പുറത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ചെമ്മീൻ ഉൾപ്പെടെയുള്ള സമുദ്രഭക്ഷ്യസാധനങ്ങളുടെ സാമ്പിളുകൾ ശേഖരിക്കാൻ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നിർദ്ദേശം നൽകിയതായി അധികൃതർ വ്യക്തമാക്കി. സാമ്പിളുകളുടെ പരിശോധനയിലാണ് ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച ചെമ്മീൻ ഉൽപന്നങ്ങളിൽ വൈറസ് അടങ്ങിയതായി കണ്ടെത്തിയത്.
മറ്റ് സമുദ്രഭക്ഷ്യ വസ്തുക്കളിലേക്ക് കൂടി വൈറസ് പടരാതിരിക്കാൻ രാജ്യത്തേക്ക് കയറ്റുമതി ചെയ്യുന്ന ഉത്പ്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ മതിയായ ഉറപ്പ് നൽകുന്നതുവരെ നിരോധനം തുടരുമെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. നേരത്തെ ഫ്രാൻസിൽ നിന്നുള്ള കോഴിയിറച്ചി ഉൾപ്പെടെയുള്ള മാംസവസ്തുക്കളുടെ ഇറക്കുമതിക്ക് സൗദി താത്ക്കാലിക വിലക്കേർപ്പെടുത്തിയിരുന്നു.

