പാലക്കാട്: അട്ടപ്പാടി മധുക്കൊലക്കേസിൽ നീതി ലഭിക്കുമെന്ന പ്രതീക്ഷ പങ്കുവച്ച് മധുവിന്റെ കുടുംബം. കേസിൽ വിധി പറയുന്നത് കോടതി ഏപ്രിൽ നാലിലേക്ക് മാറ്റി വച്ച സാഹചര്യത്തിലാണ് കുടുംബാംഗങ്ങളുടെ പ്രതികരണം. മധുവിന് നീതി ലഭിക്കാൻ അത്രയും കഷ്ടപ്പെട്ടിട്ടുണ്ടെന്നും നീതി കിട്ടുമെന്ന് തന്നെയാണ് കരുതുന്നതെന്നും മധുവിന്റെ സഹോദരിയും അമ്മയും വ്യക്തമാക്കി.
ഒരുപാട് അധ്വാനിച്ചു. കുറേ അലഞ്ഞു, അതിനുള്ള പ്രതിഫലം ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. കോടതി കേസ് വിധി പറയാൻ ഏപ്രിൽ നാലിലേക്ക് മാറ്റിയതിൽ വിഷമമില്ലെന്നും കുടുംബം മാദ്ധ്യമങ്ങളോട് വിശദമാക്കി.
2018 ഫെബ്രുവരി 22-നാണ് ആദിവാസി യുവാവായ മധുവിനെ ആൾക്കൂട്ട വിചാരണ നടത്തി തല്ലിക്കൊന്നത്. കേസിൽ വിചാരണ ആരംഭിച്ചതിന് പിന്നാലെ പല സാക്ഷികളും കൂറ് മാറിയിരുന്നു. പ്രോസിക്യൂഷന്റെ വീഴ്ചയാണ് കുറുമാറ്റത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് നേരത്തെ മധുവിന്റെ അമ്മയും സഹോദരിയും രംഗത്തെത്തിയിരുന്നു.

