‘യുപിഎ സര്‍ക്കാരിന്റെ കാലത്ത് മോദിക്കെതിരെ മൊഴി നല്‍കാന്‍ സിബിഐ സമ്മര്‍ദ്ദം ചെലുത്തി’; വെളിപ്പെടുത്തലുമായി അമിത് ഷാ

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഗുജറാത്തില്‍ നടന്ന ഒരു വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രധാനമന്ത്രിയെ നരേന്ദ്രമോദിയ്ക്കെതിരെ മൊഴി നല്‍കാന്‍ സിബിഐ തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

അമിത് ഷായുടെ വാക്കുകള്‍

‘ഗുജറാത്തില്‍ നടന്ന ഒരു വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മോദിയെ കൂടി ഉള്‍പ്പെടുത്തുന്ന മൊഴി നല്‍കാന്‍ സിബിഐ എനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി. അന്ന് മോദിജി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഇത് സംഭവിച്ചത്. കോടതി ശിക്ഷിക്കുന്ന ആദ്യത്തെ നേതാവല്ല രാഹുല്‍ ഗാന്ധി. അപ്പീല്‍ പോകുന്നതിന് പകരം രാഹുല്‍ പ്രശ്നം ഗുരുതരമാക്കാനാണ് ശ്രമിക്കുന്നത്. വിധിയ്ക്ക് കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് വരുത്തിത്തീര്‍ക്കാനാണ് രാഹുല്‍ ശ്രമിക്കുന്നത്. രാഹുല്‍ പ്രധാനമന്ത്രിയ്ക്ക് മേല്‍ പഴിചാരുകയാണ്. അപ്പീല്‍ നല്‍കാന്‍ രാഹുല്‍ ഇതുവരെ ശ്രമിച്ചിട്ടില്ല. എന്ത് അഹങ്കാരമാണിത്? നിങ്ങള്‍ക്ക് എംപിയായി തുടരണം. എന്നാല്‍ കോടതിയിലേക്ക് പോകാനും തയ്യാറാല്ല. എന്തൊരു ധാര്‍ഷ്ട്യമാണിത്. 2013ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തെ സുപ്രീം കോടതി വിധിയിലൂടെ ഏകദേശം 17ലധികം നേതാക്കള്‍ക്കാണ് അംഗത്വം നഷ്ടപ്പെട്ടത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ അംഗത്വം നഷ്ടപ്പെടുമെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. രാഹുലിന്റെ പ്രസംഗം പൂര്‍ണ്ണമായി കേള്‍ക്കൂ. അദ്ദേഹം മോദിജിയെ മാത്രമല്ല അപമാനിച്ചത്. മോദി സമുദായത്തെയാണ്. ഒബിസി വിഭാഗത്തെയാണ്, രാജ്യത്തെ നിയമം വളരെ വ്യക്തമാണ്. രാഷ്ട്രീയ വേട്ടയൊന്നുമല്ല. സുപ്രീം കോടതിയുടെ വിധിയാണിത്. അതും അവരുടെ തന്നെ സര്‍ക്കാരിന്റെ കാലത്ത് വന്ന വിധിയാണ്. എന്തിനാണ് രാഹുലിന് മാത്രം പ്രത്യേക അവകാശം നല്‍കുന്നത്. സുപ്രീം കോടതി വിധി പ്രകാരം ജനപ്രതിനിധി കുറ്റക്കാരനാണെന്ന് കണ്ടാല്‍ അയാള്‍ക്കെതിരെയുള്ള നടപടി എത്രയും പെട്ടെന്ന് തന്നെ എടുക്കണമെന്നാണ് പറയുന്നത്. ഇദ്ദേഹമല്ല ആദ്യത്തെയാള്‍. രാഹുലിനെക്കാള്‍ അനുഭവജ്ഞാനമുള്ള മുതിര്‍ന്ന പല നേതാക്കള്‍ക്കും ഈ വിധിയുടെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റ് അംഗത്വം നഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ നേരെയാണ് ഈ വിധി വന്നത്. അതിനാല്‍ ഗാന്ധി കുടുംബത്തിന് വേണ്ടി മാത്രം നിയമം മാറ്റിയെഴുതണോ? ഈ രാജ്യത്തെ ജനങ്ങളോടാണ് എനിക്ക് ചോദിക്കാനുള്ളത്. ഗാന്ധി കുടുംബത്തിന് വേണ്ടി പ്രത്യേകം നിയമം നടപ്പിലാക്കണോ? അതെന്ത് ചിന്താഗതിയാണ്. ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ച ഏക സ്വാതന്ത്ര്യസമരസേനാനിയാണ് വീര്‍ സവര്‍ക്കര്‍. ആന്‍ഡമാന്‍ ജയിലിലായിരുന്നു അദ്ദേഹം. അങ്ങനെയുള്ള ഒരു സ്വാതന്ത്ര്യസമര സേനാനിയ്ക്കെതിരെ ഇത്തരം പരാമര്‍ശം നടത്തുന്നത് ശരിയല്ല. വീര്‍ സവര്‍ക്കറെപ്പറ്റി തന്റെ മുത്തശ്ശിയായ ഇന്ദിരാ ഗാന്ധി നടത്തിയ പ്രസംഗം രാഹുല്‍ വായിക്കുന്നത് നല്ലതാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കള്‍ തന്നെ പറയുന്നുണ്ട് സവര്‍ക്കറെപ്പറ്റി ഒന്നും പറയരുത്. 2024ലെ പൊതു തെരഞ്ഞെടുപ്പില്‍ വീണ്ടും മോദി തന്നെ അധികാരത്തിലെത്തും. 2019ലെക്കാള്‍ കൂടിയ ഭൂരിപക്ഷത്തില്‍ ബിജെപി അധികാരത്തിലെത്തും. വരാനിരിക്കുന്ന കര്‍ണ്ണാടക തെരഞ്ഞെടുപ്പിലും ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടും. മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണ്. ധ്രൂവീകരണം ഉണ്ടാക്കാനാണ് കര്‍ണ്ണാടകയിലെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ നയം കൊണ്ടുവന്നത്. അത് ഞങ്ങള്‍ തിരുത്തുകയായിരുന്നു. നേരത്തെ ചെയ്യേണ്ടതായിരുന്നു ഇത്.’