ആന്റി റാബീസ് വാക്സിന്‍ പദ്ധതി; ഡിപിആര്‍ സമര്‍പ്പിച്ചിട്ടും നിശ്ചലം

തിരുവനന്തപുരം: എല്ലാവര്‍ഷവും 10 ദശലക്ഷം ഡോസ് ആന്റി റാബീസ് വാക്സിന്‍ ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ട് 2017 ല്‍ സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതി ഫണ്ട് അനുവദിക്കാതായതോടെ ഇപ്പോഴും എങ്ങുമെത്താതെ കിടക്കുന്നു. രണ്ട് ഡി.പി.ആറുകളിലായി മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും പ്രത്യേകമായി ഉപയോഗിക്കാന്‍ കഴിയുന്ന വാക്സിന്‍ നിര്‍മ്മാണമായിരുന്നു ലക്ഷ്യം.

പദ്ധതിയുടെ ഡി.പി.ആര്‍ 2018 ഏപ്രിലില്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. മരുന്ന് കണ്ടെത്തലും നിര്‍മ്മാണവും പാലോട് അനിമല്‍ ഹെല്‍ത്ത് ആന്‍ഡ് വെറ്ററിനറി ബയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. 204.0409 കോടി രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുകയായി തീരുമാനിച്ചിരുന്നത്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷം രൂപ അനുവദിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും നടന്നില്ല.

അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം വ്യാപകമായി നായ്ക്കള്‍ക്ക് പേവിഷബാധയുണ്ടാകുകയും നിരവധിപേര്‍ നായ്ക്കളുടെ കടിയേറ്റ് മരിക്കുകയും ചെയ്ത സാഹചര്യമുണ്ടായിട്ടും പദ്ധതിയെ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. റാബീസ് ഫ്രീ കേരള എന്ന പദ്ധതി തയ്യാറാക്കി തെരുവ് നായ്ക്കള്‍ക്കടക്കം തീവ്ര വാകിസ്നേഷന്‍ കാമ്പെയിന്‍ സംഘടിപ്പിച്ചിരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൂടിയ വിലകൊടുത്താണ് ലക്ഷക്കണക്കിന് ഡോസ് വാക്സിന്‍ മൃഗസംരക്ഷണ വകുപ്പ് അന്ന് വാങ്ങിയത്.